ആരോപണങ്ങൾക്ക് പിന്നാലെ പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പാർട്ടിക്ക് മുന്നിൽ ഇതുവരെ പരാതികൾ ഇല്ലെന്നും രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചത് മാതൃകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
പരാതി ഇല്ലാത്തതിനാൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനെതിരായ ആരോപണങ്ങൾ ഗൗരവതാരമാണെന്നും തുടർ നടപടികൾ ചർച്ച ചെയ്‌ത് കഴിഞ്ഞുവെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. പാർട്ടിക്ക് മുന്നിലോ പോലീസിന് മുന്നിലോ ഇതുവരെയും ഒരു പരാതിയും എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ല. രാഹുലിന്റെ രാജി ആവശ്യപ്പെടാനുള്ള ധാർമികത ഇടതുപക്ഷത്തിനില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിൽ ശക്തമായിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പ് ഭീതിയിൽ രാജിയില്ലെന്നും സസ്പെൻഷനിൽ ഒതുക്കുമെന്നും അഭ്യൂഹങ്ങള്‍ വന്നു. ഒടുവിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുളള നടപടി പാർട്ടിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.
Leave feedback about this