loginkerala breaking-news കോഴിക്കോടും കണ്ണൂരും മുന്നിൽ; കലോത്സവം മൂന്നാം നാളിലേക്ക്
breaking-news Kerala

കോഴിക്കോടും കണ്ണൂരും മുന്നിൽ; കലോത്സവം മൂന്നാം നാളിലേക്ക്

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം രണ്ടു ദിവസം പിന്നിടുമ്പോൾ സ്കോർ നിലയിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും കണ്ണൂരും മുന്നിൽ. ആതിഥേയരായ തൃശ്ശൂരാണ് മൂന്നാമത്. ഹൈസ്കൂൾ വിഭാഗം നാടകമടക്കമുള്ള 120 ഓളം ഇനങ്ങളിൽ മത്സരം പൂർത്തിയായിട്ടുണ്ട്. ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, കോട്ടയം, കാസർ​ഗോഡ് തുടങ്ങിയ ജില്ലകളാണ് സ്കോർ നിലയിൽ തൃശൂരിന് പിന്നിലുള്ളത്.

ജനുവരി 18 വരെയാണ് തൃശൂരിൽ സ്കൂൾ കലോത്സവം നടക്കുന്നത്. പൂക്കളുടെ പേരുകളിട്ടിരിക്കുന്ന 25 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. 14000 ത്തോളം കലാകാരന്മാർ മത്സരിക്കുന്ന സംസ്ഥാന തലത്തിലുള്ള കലോത്സവത്തിൽ ജാതി മതഭേദമന്യേ കേരളത്തിലെ കുട്ടികളും രക്ഷിതാക്കളും കലാപ്രേമികളും ഒത്തുചേരുന്നു. ഹയർസെക്കൻഡറി വിഭാഗം ചവിട്ടുനാടകം, ഹൈസ്കൂൾ വിഭാഗം ഭരതനാട്യം, ഹയർസെക്കൻഡറി വിഭാഗം മലപ്പുലയാട്ടം, പൂരക്കളി, നങ്ങിയാർ കൂത്ത് തുടങ്ങിയ ജനശ്രദ്ധയാകർഷിക്കുന്ന പ്രധാന മത്സരങ്ങൾ ഇന്ന് (ജനുവരി 16 ന്) നടക്കുന്നുണ്ട്.

അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 14 നാണ് തൃശൂരിൽ തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ് കലോത്സവത്തിന്റെ പതാക ഉയർത്തിയതോടെ ആയിരുന്നു കലോത്സവത്തിന് തുടക്കമായത്. കലാമണ്ഡലത്തിലെ വിദ്യാർഥികൾ ഒരുക്കിയ സ്വാഗത ഗാനത്തിൻ്റെ നൃത്താവിഷ്കാരം, തൃശൂരിൻ്റെ പൂര പെരുമ വിളിച്ചോതുന്ന പാണ്ടിമേളം തുടങ്ങിയവയുടെ അകമ്പടിയോടെയായിരുന്നു കലോത്സവം ആരംഭിച്ചത്. കലാമണ്ഡലം ഗോപി, സർവം മായ സിനിമയിലൂടെ ശ്രദ്ധേയയായ പുതുമുഖ താരം റിയ ഷിബു തുടങ്ങിയവർ ഉദ്ഘാടന വേദിയിലെത്തിരുന്നു.

Exit mobile version