കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിനെ മർദിച്ച് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് കോഴിക്കോട് റൂറൽ എസ്.പി കെ.ഇ. ബൈജു. പ്രതികളായ കുട്ടികളില്‍ ഒരാളുടെ പിതാവിന് ക്രിമിനല്‍ പശ്ചാത്തലമുള്ള കാര്യവും റൂറല്‍ എസ്.പി സ്ഥിരീകരിച്ചു.
വിദ്യാർഥികൾ ഉപയോഗിച്ച ആയുധം കണ്ടെടുക്കാൻ വീടുകളിൽ പരിശോധന നടത്തിയെന്ന് എസ്.പി പറഞ്ഞു. വിദ്യാർഥികളുടെ മൊബൈൽ ഫോൺ, വാട്സാപ്പ് ഗ്രൂപ്പുകൾ, ഇൻസ്റ്റഗ്രാം തുടങ്ങിയവ കണ്ടെത്തി പരിശോധിക്കാനുള്ള ശ്രമം തുടരുകയാണ്. മൊബൈൽ ഫോൺ റിക്കവർ ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഉപയോഗിച്ച ആയുധം കണ്ടെത്താനും കഴിഞ്ഞു -എസ്.പി പറഞ്ഞു.
അക്രമത്തിൽ മുതിർന്നവർക്ക് പങ്കുള്ളതായി ആരോപിക്കപ്പെടുന്നുണ്ടെങ്കിലും അങ്ങനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യം പരിശോധിച്ചു വരികയാണ്. കുട്ടികളുടെ രക്ഷിതാക്കളിലൊരാൾ ക്രിമിനിൽ കേസുകളുടെ പശ്ചാത്തലമുള്ളയാളാണ്. അക്രമസമയത്ത് രക്ഷിതാക്കൾ ആരെങ്കിലും പരിസരത്ത് ഉണ്ടായിരുന്നോ എന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.