ആലപ്പുഴ: എസ്എൻഡിപി- എൻഎസ്എസ് ഐക്യത്തിന് പച്ചക്കൊടിയുമായി എസ്എൻഡിപി യൂണിയൻ കൗൺസിൽ യോഗം. നായർ മുതൽ നായാടി വരെയുള്ള വിശാല ഐക്യത്തിന് എൻ.എസ്.എസുമായി സഹകരിക്കാൻ എസ്എൻഡിപി തയ്യാറാണെന്നും യോഗം വ്യക്തമാക്കി. ലീഗിനെതിരെ പ്രമേയം പാസാക്കിക്കൊണ്ടാണ് എസ്എൻഡിപി കൗൺസിൽ യോഗം ആലപ്പുഴയിൽ ചേർന്നത്. ലീഗ് ഒഴികെ എല്ലാ രാഷ്ട്രീയ കക്ഷികളുമായും സമുദായിക സംഘടനകളുമായും ചർച്ചയ്ക്ക് തയ്യാറാകുമെന്നും ലീഗുമായി സഹകരിക്കാൻ തയ്യാറല്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
മലപ്പുറം ആരുടേയും സ്വകാര്യ സാമ്രാജ്യമല്ലെന്നും യോഗത്തിൽ പ്രമേയം പാസായി. സജി ചെറിയാൻ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ ഖേദം പ്രകടിപ്പിച്ചത് തെറ്റെന്ന് യോഗം വിലയിരുത്തി. എസ്.എൻ.ഡി.പി യോഗത്തിന് ഒരു സമുദായത്തിനോടും വിയോജിപ്പില്ലെന്ന് വെള്ളാപ്പള്ളി നടേശൻ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ലീഗിനെതിരെ പറഞ്ഞ അഭിപ്രായം മുസ്ലീം സമുദായത്തിനെതിരെയുള്ള അഭിപ്രായമായി വ്യാഖ്യാനിക്കാനാണ് ശ്രമിച്ചത്.
മുസ്ലീം സമുദായങ്ങളെ ആക്ഷേപിക്കുന്നത് ഞങ്ങളുടെ ശൈലിയല്ല. എല്ലാ സമുദായങ്ങളോടും ജാതിഭേതമന്യേ തന്നെയാണ് എസ്.എൻ.ഡിപിയുടെ പ്രതികരണമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. അഭിപ്രായങ്ങളെ മതധ്രുവീകരണത്തിനുള്ള ആയുധമാക്കുകയാണ് ലീഗ്. എൻഎസ്എസുമായി സഹകരിക്കുന്നതിന് മുൻകൈ എടുത്തത് സുകുമാരൻ നായരാണ്. മുഖ്യമന്ത്രിയുടെ കാറിൽ ഞാൻ കയറിയത് വിവാദമാക്കിയത് ലീഗാണ്. എന്നാൽ എല്ലാ പിന്തുണ നൽകിയതും കാറിൽ കയറിയതിൽ എന്താണ് തെറ്റെന്ന് പറഞ്ഞതും സുകുമാരൻ നായരാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
