മാസം തോറും ഒരു നിശ്ചിത തുക മാറ്റിവയ്ക്കാൻ സാധിക്കുന്നുവെങ്കിൽ സിസ്റ്റമാറ്റിക് പ്ലാനുകൾ (എസ്ഐപി) തിരഞ്ഞെടുക്കുന്നത് വളരെ നല്ലതാണ്. എസ്ഐപി ശൈലിയിലുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം ഇന്ന് ഏറെ ജനകീയമായിട്ടുണ്ട്. തിരഞ്ഞെടുത്ത മ്യൂച്വല്‍ ഫണ്ടില്‍ കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപി. ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്ക് എസ്‌ഐപി അനുയോജ്യമായ ഒരു നിക്ഷേപ പദ്ധതിയാണ്.
ഒറ്റത്തവണ ഒരു വലിയ നിക്ഷേപം നടത്തുന്നതിനു പകരം കൃത്യമായ ഇടവേളകളിൽ ഒരു ചെറിയ തുക നിക്ഷേപിക്കാമെന്നതാണ് എസ്ഐപിയുടെ ഏറ്റവും വലിയ ഗുണം. മാസംതോറും കുറഞ്ഞത് നൂറ് രൂപ വീതം നിക്ഷേപിക്കാന്‍ കഴിയുന്ന പ്ലാനുകള്‍ വരെ ഇന്നുണ്ട്. എസ്ഐപിയിൽ 500 രൂപ നിക്ഷേപിച്ച് ലക്ഷങ്ങൾ നേടാൻ സാധിക്കുമെന്ന് പറഞ്ഞാൽ ഞെട്ടേണ്ടതില്ല.
എസ്ഐപിയിൽ നിക്ഷേപം നടത്തുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എസ്‌ഐപിയില്‍ നിക്ഷേപിക്കുന്നതിന് മുമ്പായി നിങ്ങള്‍ക്ക് അനുയോജ്യമായ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ ഏതെല്ലാമാണെന്ന് മനസിലാക്കി വയ്ക്കണം. അനുയോജ്യമായ എസ്‌ഐപി സ്‌കീം തിരഞ്ഞെടുത്തതിന് ശേഷം, നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന തുക, തീയതി എന്നിങ്ങനെയുള്ള കാര്യങ്ങളും തീരുമാനിക്കുക. ഒരു ലക്ഷ്യം നിശ്ചയിക്കുക. ആ ലക്ഷ്യത്തിലെത്തുന്നതു വരെ മാത്രം നിക്ഷേപം തുടരുക.
നിക്ഷേപം എത്ര നാൾ തുടരാം?
എത്രകാലം വേണമെങ്കിലും എസ്ഐപിയിൽ നിക്ഷേപം തുടരാം. ഫണ്ടിന്റെ പ്രകടനം മികച്ചതാണെങ്കില്‍ നിക്ഷേപം നിര്‍ത്തുകയോ മറ്റ് ഫണ്ടുകളിലേയ്ക്ക് മാറുകയോ ചെയ്യേണ്ട ആവശ്യമില്ല. സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി ഭാഗികമായി പണം പിന്‍വലിച്ചാലും ബാക്കി നിക്ഷേപം തുടരാമെന്നതാണ് മ്യൂച്വല്‍ ഫണ്ടിന്റെ പ്രത്യേകത. വര്‍ഷംതോറും എസ്ഐപി തുക വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ പുതിയതില്‍ ചേരുന്നതിന് പകരം നിലവിലെ ഫണ്ടിലെ തുക വര്‍ധിപ്പിച്ചാല്‍ മതി. നിക്ഷേപം നടത്തുന്ന ഫണ്ടിന്റെ വിപണി സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും റിട്ടേൺ ലഭിക്കുക. വിപണിയിൽ, ചാഞ്ചാട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും ദീര്‍ഘകാലയളവില്‍ മികച്ച റിട്ടേണ്‍ തന്നെ ലഭിക്കും.
എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാം.
500 രൂപ വീതം നിക്ഷേപിച്ച് 21 ലക്ഷം എങ്ങനെ സ്വന്തമാക്കാം?
മാസം തോറും 500 രൂപ നിക്ഷേപിക്കുക. ഇത്തരത്തിൽ 25 മുതൽ 30 വർഷം വരെ നിക്ഷേപിക്കുക. നിക്ഷേപം ആരംഭിച്ച് എല്ലാ വർഷം കഴിയുമ്പോഴും നിക്ഷേപം പത്ത് ശതമാനം വർധിപ്പിക്കുക. അതായത് ആദ്യ വർഷത്തിൽ 500 രൂപയാണ് നിക്ഷേപിക്കുന്നതെങ്കിൽ അടുത്ത വർഷം 500ന്റെ പത്ത് ശതമാനം വർധിപ്പിക്കേണ്ടതുണ്ട്. രണ്ടാം വർഷത്തിൽ നിങ്ങൾ 550 രൂപ നിക്ഷേപിക്കണം. ഇങ്ങനെ 25 വർഷം നിങ്ങൾ നിക്ഷേപപദ്ധതിയിൽ തുടരുകയാണെങ്കിൽ ആകെ നിക്ഷേപം 5,90,082 രൂപയാകും. 12 ശതമാനം പലിശ കൂടി കൂട്ടുമ്പോൾ നിക്ഷേപം 15,47,691 രൂപയാകും. ഇതേരീതിയിൽ 21 വർഷം പദ്ധതിയിൽ തുടരുമ്പോൾ നിങ്ങളുടെ നിക്ഷേപം 21,37,773 രൂപയാകും.