ന്യൂഡൽഹി: വീട്ടിൽ നിന്നും പണം കണ്ടെത്തിയ സംഭവത്തിൽ മുൻ ഹൈകോടതി ജസ്റ്റിസ് യശ്വന്ത് വർമ്മക്ക് ആശ്വാസമില്ല. തനിക്കെതിരായ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഇതോടെ ജസ്റ്റിസ് വർമ്മക്കെതിരായ ഇംപീച്ച്മെന്റ് നടപടികളുമായി പാർലമെന്റിന് മുന്നോട്ട് പോകാം.
ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, എ.ജി മാഷിഷ് എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം. യശ്വന്ത് വർമ്മക്കെതിരായ നടപടികൾ നിയമവിരുദ്ധമല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന നിയമനടപടികളെല്ലാം പാലിച്ചാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.