റിയാദ് : ആഗോള കമ്പനികളുടെയും നിക്ഷേപകരുടെയും മികച്ച സാന്നിദ്ധ്യവും പുതിയ നിക്ഷേപസാധ്യകളും ചർച്ചയായി
ഒൻപതാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് റിയാദിൽ പുരോഗമിക്കുന്നു. മെന മേഖലയുടെ പ്രത്യേകിച്ച് സൗദി അറേബ്യയുടെ മികച്ച നിക്ഷേപസാധ്യകൾക്ക് കരുത്തേകുന്നതാണ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ്. മാറുന്ന നിക്ഷേപസാധ്യകളും, സാങ്കേതിക മുന്നേറ്റങ്ങളും, ജിയോ പൊളിറ്റിക്കൽ സാഹചര്യങ്ങളും ഉൾപ്പടെ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിലെ പാനൽ സെഷനുകളിൽ ചർച്ചയായി.
മെന മേഖലയിൽ നിക്ഷേപകർക്ക് ഏറ്റവും മികച്ച നിക്ഷേപ അവസരമാണെന്ന് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് പാനൽ ചർച്ചയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. റേഡ് വെഞ്ച്വേഴ്‌സ് ഫൗണ്ടിങ്ങ് പാർടണർ ഒമർ അൽമജ്‌ഡൗൾ; വിഷൻ ഇൻവെസ്റ്റ് ചീഫ് പോർട്ട്‌ഫോളിയോ ഓഫീസർ അലി അയൂബ്; ബി ക്യാപിറ്റലിന്റെ സഹസ്ഥാപകനും സഹ-സിഇഒയുമായ രാജ് ഗാംഗുലി എന്നിവരടങ്ങിയ പാനലിസിറ്റുകൾ പങ്കെടുത്ത സെഷനിൽ സൗദി അറേബ്യ, മെന മേഖലയിലെ മികച്ച ഇൻവെസ്റ്റ് ഹബ്ബായി മാറിയെന്ന് അഭിപ്രായപ്പെട്ടു.

നിക്ഷേപകർക്ക് മികച്ച നേട്ടമേകുന്ന സാഹചര്യമാണ് സൗദി അറേബ്യയിലേതെന്നും പൊതുസ്വകാര്യ പങ്കാളിത്വത്തോടെയുള്ള പദ്ധതികൾ സൗദി വിഷന് 2030ന് വേഗതപകരുമെന്നും എം.എ യൂസഫലി പറഞ്ഞു. ഈസ് ഓഫ് ഡ്യൂയിങ്ങ് ബിസിനസ്, കരുത്തുറ്റ ഇക്കോണമി, മികച്ച അടിസ്ഥാനസൗകര്യം, മികച്ച ഭരണനേതൃത്വം, നിക്ഷേപസൗഹൃദ നയങ്ങൾ എന്നിവ നിക്ഷേപകർക്ക് മികച്ച അവസരമാണ് നൽകുന്നത്. സൗദി വിഷന് 2030ന് പിന്തുണയേകി 100 ലുലു സ്റ്റോറുകളെന്ന പ്രഖ്യാപനം മൂന്ന് – നാല് വർഷത്തിനകം പൂർണമായും യാഥാർത്ഥ്യമാകും. നിലവിൽ 71 സ്റ്റോറുകളാണ് സൗദിയിൽ ലുലുവിനുള്ളത്. സൗദി സ്വദേശികൾക്കും മികച്ച തൊഴിലവസരമാണ് ലുലു നൽകുന്നത്. നഗരാതിർത്തികളിലേക്കും ടൗൺഷിപ്പ് വിപുലമാകുന്ന ഘട്ടത്തിൽ ലുലുവും രാജ്യത്ത് മികച്ച വികസനപദ്ധതികളാണ് നടപ്പാക്കുന്നതെന്ന് യൂസഫലി വ്യക്തമാക്കി.
ഡിജിറ്റൽവത്കരണം, എഐ, റോബോട്ടിക്സ് തുടങ്ങിയ മേഖലയിൽ മികച്ച മുന്നേറ്റമാണ് സൗദി അറേബ്യ നടത്തുന്നത്. വ്യവസായ രംഗത്തും ഈ മാറ്റങ്ങൾ ഉൾകൊള്ളാനാണ് ശ്രമിക്കുന്നത്. പൊതുസ്വകാര്യ പങ്കാളിത്വത്തോടെയുള്ള പദ്ധതികൾ സൗദി വിഷന് 2030ന് വേഗതപകരും, കൂടുതൽ നിക്ഷേപങ്ങൾ രാജ്യത്തുണ്ടാകുമെന്നും അദേഹം കൂട്ടിചേർത്തു.
ജിയോ പൊളിറ്റിക്കൽ സാഹചര്യങ്ങൾ മികച്ചതാണെന്നത് മേഖലയിൽ വലിയ നിക്ഷേപങ്ങൾക്ക് വഴിതുറക്കുമെന്ന് റേഡ് വെഞ്ച്വേഴ്‌സ് ഫൗണ്ടിങ്ങ് പാർടണർ ഒമർ അൽമജ്‌ഡൗൾ പറഞ്ഞു. ഗുഡ് ഗവേൺൻസിന്റെ ഉദാഹരണമാണ് സൗദിയിലേതുെന്നും ആഗോള നിക്ഷേപകരെ ആകർഷിക്കാൻ ഈ ഭരണമികവ് ഗുണം ചെയ്യുന്നുണ്ടെന്നും വിഷൻ ഇൻവെസ്റ്റ് ചീഫ് പോർട്ട്‌ഫോളിയോ ഓഫീസർ അലി അയൂബ് അഭിപ്രായപ്പെട്ടു. സ്വദേശി യുവത്വത്തിന്റെ മികവ് വ്യവസായ രംഗത്ത് പ്രതിഫലിക്കുന്നുണ്ടെന്ന് ബി ക്യാപിറ്റലിന്റെ സഹസ്ഥാപകനും സഹ-സിഇഒയുമായ രാജ് ഗാംഗുലി ചർച്ചയിൽ ചൂണ്ടികാട്ടി.വിവിധ സെഷനുകളിലെ ചർച്ചയിൽ ആഗോള കമ്പനികളുടെ മേധാവിമാർ ഉൾപ്പടെ പങ്കെടുത്തു.

Leave feedback about this