കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നിർമാതാവ് സാന്ദ്ര തോമസിന് തിരിച്ചടി. പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്കുള്ള നാമനിർദേശപത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ് എറണാകുളം സബ്കോടതിയിൽ നൽകിയ ഹർജി തള്ളി. പത്രിക തള്ളിയത് നിയമവിരുദ്ധമായാണെന്നും വരണാധികാരി സംഘടനാ ഭാരവാഹികളുടെ ഉപകരണമായി പ്രവർത്തിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് നടപടികളിൽനിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ട ഹർജിയാണ് തള്ളിയത്.
പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ സ്വതന്ത്രമായി നിർമിച്ച മൂന്ന് സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റ് വേണമെന്ന മാനദണ്ഡം പാലിച്ചില്ലെന്നുകാണിച്ചാണ് പത്രിക തള്ളിയത്. സമർപ്പിച്ച സെൻസർ സർട്ടിഫിക്കറ്റുകളിൽ രണ്ടെണ്ണം മാത്രമാണ് സാന്ദ്രയുടെ പേരിലുള്ളതെന്ന് വരണാധികാരി അറിയിച്ചു. എന്നാൽ, മറ്റൊരു കമ്പനിയുടെ ബാനറിൽ താൻ നിർമിച്ച സിനിമയുടെ സർട്ടിഫിക്കറ്റ് എങ്ങനെ അസാധുവാകുമെന്ന് സാന്ദ്ര ചോദിച്ചതോടെ തർക്കമായി. ഒരു സിനിമ നിർമിച്ചവർക്ക് മത്സരിക്കാവുന്ന എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് സാന്ദ്രയ്ക്ക് മത്സരിക്കാമെന്ന് വരണാധികാരി പറഞ്ഞു. പത്രികകൾ തള്ളിയതിന് രേഖാമൂലമുള്ള വിശദീകരണവും നൽകി. പത്രികകളുടെ സൂക്ഷ്മപരിശോധനാവേളയിൽ സാന്ദ്രയും നിർമാതാവ് സുരേഷ്കുമാറും തമ്മിലും വാക്കുതർക്കമുണ്ടായി.
Leave feedback about this