പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹം അനുവാദമില്ലാതെ മാറ്റിയതുമായി ബന്ധപ്പെട്ട കേസിലും തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. ജയിലിലെത്തിയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
കട്ടിളപ്പാളിയിലെ സ്വർണ്ണമോഷണക്കേസിൽ നിലവിൽ റിമാൻഡിലുള്ള തന്ത്രിയെ, ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണ്ണം കവർന്ന രണ്ടാമത്തെ കേസിലും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞ ദിവസം കോടതി അനുമതി നൽകിയിരുന്നു. ദ്വാരപാലക ശില്പങ്ങളിൽ പൊതിഞ്ഞ സ്വർണ്ണപ്പാളികൾക്ക് തിളക്കം കുറഞ്ഞെന്നും അവ മാറ്റണമെന്നും നിർദ്ദേശിച്ചത് തന്ത്രിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനായി ‘അനുജ്ഞാ കലശം’ നടത്തിയതും ഇദ്ദേഹമാണ്.
തുടർന്ന് ഈ പാളികൾ സ്വർണ്ണം പൂശാനെന്ന വ്യാജേന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് വിട്ടുനൽകാൻ തന്ത്രി മൗനാനുവാദം നൽകിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ശ്രീകോവിൽ കട്ടിളപ്പാളി കേസിലെ സമാനമായ ഗൂഢാലോചനയും ഒത്താശയും ഈ കേസിലും നടന്നിട്ടുണ്ട്.
ആചാര ലംഘനം നടന്നിട്ടും തന്ത്രി ദേവസ്വം ബോർഡിനെ വിവരം അറിയിച്ചില്ല. കട്ടിളപ്പാളിക്കേസില്‍ തന്ത്രിയുടെ ജാമ്യാപേക്ഷ ജനുവരി 19ന് കോടതി പരിഗണിക്കും. ആചാരപരമായ കാര്യങ്ങളിൽ തന്ത്രിക്ക് അധികാരമുണ്ടെങ്കിലും വിഗ്രഹം പോലുള്ള മാറ്റങ്ങൾ വരുത്തുമ്പോൾ ദേവസ്വം ബോർഡിനെ അറിയിക്കണമെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്ന് ബോർഡ് ആരോപിച്ചിരുന്നു.
