കൊച്ചി: ലൈംഗികാതിക്രമക്കേസിൽ ഒളിവില്‍ പോയ വേടന്റെ ലൊക്കേഷന്‍ ട്രേസ് ചെയ്യുന്നുണ്ടെന്ന് പൊലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയിലുണ്ട്. കോടതിയുടെ നടപടി അനുസരിച്ച് പൊലീസ് തുടര്‍ നടപടി സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. രണ്ടു വര്‍ഷത്തോളം നീണ്ടു നിന്ന നിരന്തര ലൈംഗിക ചൂഷണത്തിനു ശേഷം വേടന് തന്നെ ഒഴിവാക്കിയെന്ന് മൊഴി നല്കിയ യുവതി വേടന് തന്റെ പക്കല്‍ നിന്ന് വാങ്ങിയ പണത്തിന്റെയടക്കം രേഖകളും പൊലീസിന് കൈമാറിയിരുന്നു.
2021 മുതല്‍ 2023 വരെയുളള രണ്ടു വര്‍ഷക്കാലം നടന്ന ലൈംഗിക പീഡനമാണ് വേടനെതിരായ പുതിയ കേസിന്റെ അടിസ്ഥാനം. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതിനു പിന്നാലെ തന്നെ തന്റെ വീട്ടിലെത്തി ബലാല്‍സംഗം ചെയ്തെന്നും പിന്നീട് വിവാഹ വാഗ്ദാനം നല്കി രണ്ടു വര്‍ഷക്കാലം പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി. മറ്റ് സ്ത്രീകളുമായുളള ബന്ധത്തിന് തടസമാണെന്നു പറഞ്ഞ് പിന്നീട് തന്നെ വേടന് ഒഴിവാക്കുകയായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു.
വേടന്റെ അവഗണനയ്ക്കു പിന്നാലെ വിഷാദരോഗത്തിന് താന്‍ ചികില്‍സ തേടിയെന്നും സമൂഹം എങ്ങിനെ പ്രതികരിക്കുമെന്ന് ഭയന്നാണ് പരാതിപ്പെടാന്‍ വൈകിയതെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബലാല്‍സംഗ കേസാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്. പരാതി നിയമപരമായി നേരിടുമെന്നാണ് വേടന്റെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചത്. വിഷയത്തില്‍ വേടന്റെ പ്രതികരണം ലഭ്യമായിട്ടില്ല. പരാതിയിലെ അനുബന്ധ വിവരങ്ങളുടെ ആധികാരികത പരിശോധിച്ച ശേഷം വേടനെ ചോദ്യം ചെയ്യാനാണ് തൃക്കാക്കര പൊലീസിന്റെ തീരുമാനം.