തിരുവനന്തപുരം: തെല്ല് വേദനയോടെ ഒരു വിലപ്പെട്ട പാഠം പഠിക്കാൻ കഴിഞ്ഞെന്ന് രാജീവ് ചന്ദ്രശേഖർ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് രാജീവ് തമാശ കലർന്ന രീതിയിൽ തനിക്കു പറ്റിയ അപകടത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നത്. ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ എടുക്കല്ലേയെന്നാണ് രാജീവ് പറയുന്നത്. തമാശ കലർന്ന ചിരിക്കുന്ന സ്മൈലികൾ ചേർത്താണ് രാജീവിന്റെ പോസ്റ്റ്. പരുക്കേറ്റ മുഖവുമായുള്ള സ്വന്തം ഫോട്ടോയും രാജീവ് പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിച്ചെന്നും മുഖത്തെ പാടുകളും കടുത്ത വേദനയുമാണ് ബാക്കിപത്രമെന്നും രാജീവിന്റെ കുറിപ്പിൽ പറയുന്നു. ഈ ഉപകരണം ഉപയോഗിക്കുമ്പോൾ മൊബൈൽ ഫോൺ ജാഗ്രതയോടെ മാത്രം ഉപയോഗിക്കണമെന്ന ഗുണപാഠവും ചേർത്താണ് കുറിപ്പ് പോസ്റ്റു ചെയ്തിരിക്കുന്നത്.
രസകരമായ കമന്റുകളാണ് ഫേസ്ബുക്ക് പോസ്റ്റിനു താഴെ നിറയുന്നത്. ഫോട്ടോ നിങ്ങൾ ഇങ്ങനെ പോസ്റ്റ് ചെയ്തത് നന്നായി അല്ലെങ്കിൽ ഇത് പല തരത്തിലും പ്രചരിച്ചേനെയെന്നാണ് ഒരാളുടെ കമന്റ്. മറ്റു ചില കമന്റുകളിൽ ഉപദേശങ്ങളാണ്. ട്രെഡ് മിൽ ഉപയോഗിക്കുമ്പോൾ ഇയർഫോൺ ഉപയോഗിക്കണമെന്നാണ് ഒരുപദേശം. ‘ട്രെഡ് മിൽ ഉപയോഗിക്കുമ്പോൾ മൊബൈൽ ഫോൺ വലിച്ചെറിയൂ. വ്യായാമം ചെയ്യുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ സ്റ്റാമിന കുറയും’- മറ്റൊരാൾ കമന്റിട്ടു. റേഡിയേഷനാണ് സ്റ്റാമിന കുറയാൻ കാരണമെന്നാണ് ഇയാൾ പറയുന്നത്. പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന പ്രാർത്ഥനയാണ് മറ്റു ചിലർ രാജീവിന്റെ പോസ്റ്റിനു താഴെയായി കമന്റു ചെയ്യുന്നത്.