കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി കൊൽക്കത്തയിൽ നടത്താനിരുന്ന രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റാലി കോൺഗ്രസ് റദ്ദാക്കി (റാലിക്ക് സംസ്ഥാന ഭരണകൂടം അനുമതി നിഷേധിച്ചതാണ് കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു. മമത ബാനർജി സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.
വ്യാഴാഴ്ച നടക്കാനിരുന്ന വോട്ടെടുപ്പിന് മുന്നോടിയായി കൊൽക്കത്തയിൽ പ്രചാരണം നടത്താനാണ് രാഹുൽ ഗാന്ധി എത്താനിരുന്നത്. എന്നാൽ ചൊവ്വാഴ്ച വൈകുന്നേരം 6 മണി വരെ കാത്തിരുന്നിട്ടും പ്രാദേശിക അധികാരികൾ അനുമതി നൽകിയില്ലെന്ന് കോൺഗ്രസ് അറിയിച്ചു. ഇതോടെയാണ് സന്ദർശനം റദ്ദാക്കിയത്. അനുമതിക്കായി ‘സുവിധ പോർട്ടൽ’ വഴി നിശ്ചിത സമയത്തിന് മുൻപ് അപേക്ഷ നൽകണമെന്നും ഇതിൽ സർക്കാരിന് പങ്കില്ലെന്നും ബംഗാൾ മന്ത്രി ശശി പഞ്ജ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനം കെയർടേക്കർ ഭരണത്തിലാണെന്നും അതിനാൽ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അവർ കൂട്ടിച്ചേർത്തു.
ഏപ്രിൽ 25-നോ 26-നോ രാഹുൽ ഗാന്ധിയുടെ സന്ദർശനം പുനഃക്രമീകരിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ഏപ്രിൽ 29-ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി അദ്ദേഹം പ്രചാരണത്തിനെത്തിയേക്കും.
