ദുബായ്: പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) പരാതിയിൽ സൂര്യകുമാർ യാദവിനെതിരെ ഇന്ത്യൻ ടീം മാനേജ്മെന്റിന് ഇ മെയിലയച്ചെന്ന് റിപ്പോർട്ട്. ഏഷ്യാകപ്പിൽ ഇന്ത്യ – പാക്കിസ്ഥാൻ ഗ്രൂപ്പ് മൽസരത്തിനു ശേഷം നടത്തിയ പ്രസ്ഥാവനകൾക്കെതിരെയാണ് പിസിബി പരാതി നൽകിയത്. സൂര്യകുമാർ യാദവ് നടത്തിയ പ്രസ്ഥാവന അനുചിതമാണെന്ന് മാച്ച് റഫറി റിച്ചാർഡ്സൺ അയച്ച ഇ മെയിലിൽ പറയുന്നു.
2025 സെപ്റ്റംബർ 14 ന് ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിനു ശേഷം നടന്ന സമ്മാനദാന ചടങ്ങിലും വാർത്താ സമ്മേളനത്തിലും സൂര്യകുമാർ യാദവ് നടത്തിയ അഭിപ്രായങ്ങളെക്കുറിച്ച് പിസിബി രണ്ടു റിപ്പോർട്ടുകൾ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളും തെളിവുകളും പരിശോധിച്ചെന്നും മെയിലിൽ പറയുന്നു. കളിയുടെ താത്പര്യത്തിനു ഹാനികരമായതും അനുചിതമായതുമായ പരാമർശങ്ങളിലൂടെ മത്സരത്തെ വിവാദത്തിലേക്കു നയിച്ച പെരുമാറ്റത്തിന് സൂര്യകുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന നിഗമനത്തിലെത്തിയതായും ഇ മെയിലിൽ പറയുന്നു.
ഞങ്ങൾ ഇവിടെ ക്രിക്കറ്റ് കളിക്കാനാണു വന്നത്. ചില കാര്യങ്ങൾ ക്രിക്കറ്റിന് അപ്പുറമുള്ളതാണ്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും അവരുടെ കുടുംബാഗങ്ങൾക്കുമൊപ്പമാണ് ഞങ്ങളുടെ മനസ്സ്. ഓപ്പറേഷൻ സിന്ദൂർ സൈനികനടപടിയിൽ പങ്കെടുത്ത എല്ലാ സൈനികർക്കുമായി ഈ വിജയം സമർപ്പിക്കുന്നു – മത്സരശേഷം സൂര്യകുമാർ പറഞ്ഞു. ഹസ്തദാനം ഒഴിവാക്കിയത് ബിസിസിഐയുടെയും സർക്കാരിന്റെയും നിർദേശമനുസരിച്ചാണെന്നും വാർത്താ സമ്മേളനത്തിൽ സൂര്യകുമാർ പറഞ്ഞിരുന്നു. ഈ സംഭവങ്ങളിലാണ് ബോർഡ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.
ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ ടോസ് ചെയ്യുവാനായി എത്തിയപ്പോൾ മാച്ച് റഫറിക്ക് ടീം ചാർട്ട് നൽകിയ ശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗയും മാറി നിന്നിരുന്നു. മത്സരശേഷം പാക്കിസ്ഥാൻ താരങ്ങൾക്ക് ഹസ്തദാനം ചെയ്യാനും ഇന്ത്യൻ താരങ്ങൾ തയ്യാറായിരുന്നില്ല.