കണ്ണൂർ: നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരംശം പോലും ഇളവ് കൊടുക്കില്ലെന്ന് സിപിഎം നേതാവ് പികെ ശ്രീമതി. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.’കുറ്റം ചെയ്‌തുവെന്ന് കണ്ടുകഴിഞ്ഞാൽ അങ്ങനെയുള്ളവരെ രക്ഷിക്കുന്ന നയസമീപനമല്ല കേരള സർക്കാർ സ്വീകരിക്കുന്നതെന്നുള്ള ഉത്തമ ബോദ്ധ്യം ജനാധിപത്യ മഹിളാ അസോസിയേഷനുണ്ട്. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടി മാതൃകാപരമാണെന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പറഞ്ഞിട്ടുള്ളതാണ്.
കോടതി കുറ്റക്കാരാണെന്ന് കണ്ടാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരംശം പോലും ഇളവ് കൊടുക്കില്ല. വിക്‌ടിമിന് വേണ്ടി നിലകൊള്ളുന്ന സർക്കാരാണിത്.’- ശ്രീമതി പറഞ്ഞു.ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌തും അമ്മയിൽ അംഗത്വം നൽകാമെന്ന് ഉറപ്പ് നൽകിയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷിനെതിരായ പരാതി. മുകേഷിനെതിരായ ആരോപണങ്ങളെല്ലാം തെളിഞ്ഞുവെന്നും ഇ-മെയിൽ സന്ദേശങ്ങളും വാട്‌സാപ്പ് ചാറ്റുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നുമാണ് കുറ്രപത്രത്തിൽ പറഞ്ഞിരിക്കുന്നത്.