ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ ചൈനയിലെത്തി. ബെയ്ജിങ്ങിൽ നടക്കുന്ന സൈനിക പരേഡിൽ പങ്കെടുക്കുന്നതിനാണ് കിം ജോങ് ഉൻ ചൈനീസ് അതിർത്തി കടന്നത്. തൻ്റെ പ്രത്യേക ട്രെയിനിലാണ് കിം ജോങ് ഉൻ ചൈനയിലെത്തിയത്. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിനും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും ഒപ്പം കിം ജോങ് ഉൻ വേദി പങ്കിടും. മൂന്നുപേരും ആദ്യമായാണ് ഒരേ വേദിയിൽ ഒരുമിച്ചെത്തുന്നത്.
രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിൻ്റെയും 1930കളിലും 40കളിലും ജപ്പാനെതിരെ ചൈന നടത്തിയ ചെറുത്ത് നിൽപ്പിൻ്റെയും ഓർമ്മയ്ക്കായി സംഘടിപ്പിച്ചിരിക്കുന്ന സൈനിക പരേഡിൽ കിം ജോങ് ഉൻ പങ്കെടുക്കും. 26ഓളം ലോക നേതാക്കൾ സൈനിക പരേഡിന് സാക്ഷികളാകുമെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച ടിയാൻമെൻ സ്ക്വയറിലാണ് ചൈനയുടെ സൈനിക ശക്തി വിളിച്ചറിയിക്കുന്ന സൈനിക പരേഡ് നടക്കുക.
ഷി ജിൻ പിങ്ങും വ്ളാഡമിർ പുടിനും കിം ജോങ് ഉന്നും ഒരുമിച്ച് യോഗം ചേരുന്നത് സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാൽ മൂന്ന് നേതാക്കളും പങ്കെടുക്കുന്ന ത്രികക്ഷി ചർച്ചകൾക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. റഷ്യയുമായി അടുത്ത സൈനിക ബന്ധം പുലർത്തുന്ന കിം ജോങ് ഉൻ പുടിനുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനകളുണ്ട്. യുക്രെയ്ൻ യുദ്ധത്തിൽ സൈനികരെയും ആയുധങ്ങളെയും നൽകി ഉത്തരകൊറിയ റഷ്യയെ സഹായിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചൈനയുമായും അടുത്ത ബന്ധമാണ് ഉത്തരകൊറിയ പുലർത്തുന്നത്.
