തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ‘സമാധി’ കല്ലറ തുറക്കില്ല. സമാധി മണ്ഡപം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് സമാധി മണ്ഡപം പൊളിക്കേണ്ടതില്ലെന്ന് ആർ.ഡി.ഓ നിർദേശം. സമാധി തുറക്കാൻ പോലീസ് സംഘം എത്തിയതിനു പിന്നാലെ സംഘർഷമുണ്ടായ സാഹചര്യത്തിൽ, ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നു വിലയിരുത്തിയാണ് നടപടി. അദ്ദേഹത്തിൻറെ കുടുംബത്തിൻറെ ഭാഗം കേൾക്കുമെന്ന് സബ് കളക്ടർ സബ് കളക്ടർ ആൽഫ്രഡ് അറിയിച്ചു.
നേരത്തെ, സമാധിയിടം പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാനെത്തിയ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ കുടുംബാംഗങ്ങളും ഒരുവിഭാഗം നാട്ടുകാരും തടഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായിരുന്നു. പിന്നാലെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. സമാധി തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഗോപൻ സ്വാമിയുടെ ഭാര്യയും മകനും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു. ഒടുവിൽ ഇവരെ ബലംപ്രയോഗിച്ചാണ് പോലീസ് സംഘം സമാധിപീഠത്തിന് സമീപത്തുനിന്ന് മാറ്റിയത്.കല്ലറ പൊളിക്കുന്നതിന് തടസം നിന്ന കുടുംബത്തെ പൊലീസ് ബലപ്രയോഗത്തിലൂടെ മാറ്റി. കളക്ടറുടെ അനുമതി ലഭിച്ചതോടെ വൻ പൊലീസ് സന്നാഹത്തോടെ നെയ്യാറ്റിൻകര പൊലീസ് സംഘം എത്തിയത്. നെയ്യാറ്റിൻകര സ്വദേശിയായ ഗോപൻ സ്വാമിയെന്ന് വിളിക്കുന്ന ഗോപന്റെ മരണത്തിലാണ് ദുരൂഹത ഉയർന്നത്. അച്ഛൻ സമാധിയായെന്ന മക്കളുടെ പോസ്റ്റർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
രാവിലെ 11ന് സമാധി സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ വീട്ടുകാർ എതിർത്തു. രണ്ട് ആൺമക്കളും ഭാര്യയുമാണ് എതിർപ്പുമായി രംഗത്തെത്തിയത്. കല്ലറ തുറന്നാൽ ആത്മഹത്യ ചെയ്യുമെന്ന് മകൻ ഭീഷണി മുഴക്കി. കല്ലറയ്ക്ക് മുന്നിൽ കുത്തിയിരുന്ന കുടുംബത്തെ പൊലീസ് അവിടെ നിന്ന് കസ്റ്റഡിയിലെടുത്ത് മാറ്റി.
സ്ഥലം മറച്ച് ഫോറൻസിക് സംഘം നടപടി ക്രമങ്ങൾ തുടങ്ങിയിരുന്നു. കല്ലറ പൊളിക്കുന്ന നടപടികൾ പിന്നീട് നിർത്തിവച്ചു. ഒരു വിഭാഗം നാട്ടുകാരും കുടുംബത്തെ അനുകൂലിച്ച് രംഗത്തെത്തി. ആചാരത്തിന്റെ ഭാഗമായതിനാൽ തന്നെ കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് ചില സംഘടനകളും രംഗത്തെത്തി. കളക്ടറുടെ സാന്നിധ്യത്തിലാണ് കല്ലറ പൊളിക്കൽ നടപടിയുമായി മുന്നോട്ട് പോയത്. അസ്വഭാവിക മരണം , മാൻമിസ്സിങ് കേസുൾപ്പെടെയുള്ള വകുപ്പുകളുമായിട്ടാണ് പൊലീസ് മുന്നോട്ടു പോകുക. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കിടപ്പിലായ ഗോപൻ സ്വാമി എങ്ങനെ സമാധി സ്ഥലത്ത് എത്തി എന്നാണ് നാട്ടുകാരുടെ ചോദ്യം. അതേ സമയം അനുനയ നീക്കത്തിനുള്ള ശ്രമം സബ് കളക്ടകടക്കം നടത്തി.
Leave feedback about this