തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദുരൂഹ സമാധിയിൽ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുക്കാനൊരുങ്ങുന്ന പൊലീസ് നീക്കത്തിനെതിരെ എതിർപ്പുമായി കുടുംബം. കല്ലറയ്ക്ക് മുന്നിൽ കുത്തിയിരുന്നാണ് കുടുംബത്തിൻരെ പ്രതിഷേധം. കല്ലറ പൊളിക്കുന്നതിന് തടസം നിന്ന കുടുംബത്തെ പൊലീസ് ബലപ്രയോഗത്തിലൂടെ മാറ്റി. കളക്ടറുടെ അനുമതി ലഭിച്ചതോടെ വൻ പൊലീസ് സന്നാഹത്തോടെ നെയ്യാറ്റിൻകര പൊലീസ് സംഘം എത്തിയത്. നെയ്യാറ്റിൻകര സ്വദേശിയായ ഗോപൻ സ്വാമിയെന്ന് വിളിക്കുന്ന ഗോപന്റെ മരണത്തിലാണ് ദുരൂഹത ഉയർന്നത്. അച്ഛൻ സമാധിയായെന്ന മക്കളുടെ പോസ്റ്റർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
രാവിലെ 11ന് സമാധി സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ വീട്ടുകാർ എതിർത്തു. രണ്ട് ആൺമക്കളും ഭാര്യയുമാണ് എതിർപ്പുമായി രംഗത്തെത്തിയത്. കല്ലറ തുറന്നാൽ ആത്മഹത്യ ചെയ്യുമെന്ന് മകൻ ഭീഷണി മുഴക്കിയത്. കല്ലറയ്ക്ക് മുന്നിൽ കുത്തിയിരുന്ന കുടുംബത്തെ പൊലീസ് അവിടെ നിന്ന് കസ്റ്റഡിയിലെടുത്ത് മാറ്റി. സമാധി മണ്ഡപം അൽപസമയത്തിനകം പൊലീസ് പൊളിക്കും. സമാധി സ്ഥലം പൊളിക്കുന്നത് കളക്ടറുടെ ഉത്തരവ് എത്തിയതിന് പിന്നാലെയാണ്.
സ്ഥലം മറച്ച് ഫോറൻസിക് സംഘം നടപടി ക്രമങ്ങൾ തുടങ്ങി. കല്ലറ പൊളിക്കുന്ന നടപടികൾ തുടരുകയാണ്. ഒരു വിഭാഗം നാട്ടുകാരും കുടുംബത്തെ അനുകൂലിച്ച് രംഗത്തെത്തി. ആചാരത്തിന്റെ ഭാഗമായതിനാൽ തന്നെ കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് ചില സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സമാധി സ്ഥലം പൊളിച്ച് നീക്കികൊണ്ട് കല്ലറ പൊളിക്കുകയാണ് പൊലീസ്. കളക്ടറുടെ സാന്നിധ്യത്തിലാണ് കല്ലറ പൊളിക്കൽ. അസ്വഭാവിക മരണമാണെങ്കിൽ കേസുൾപ്പെടെയുള്ള കാര്യങ്ങളുമായിട്ടാണ് പൊലീസ് മുന്നോട്ടു പോകുക. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കിടപ്പിലായ ഗോപൻ സ്വാമി എങ്ങനെ സമാധി സ്ഥലത്ത് എത്തി എന്നാണ് നാട്ടുകാരുടെ ചോദ്യം. അതേ സമയം അനുനയ നീക്കത്തിനുള്ള ശ്രമം സബ് കളക്ടകടക്കം ശ്രമം നടത്തുകയാണ്. മാൻ മിസ്സിങ് കേസ് അടക്കമുള്ള കേസിലാണ് തുടർനടപടികളുമായി പൊലീസ് മുന്നോട്ട് പോകുന്നത്.