തിരുവനന്തപുരം: പേരൂർക്കടയിലെ വ്യാജ മാല മോഷണക്കേസിൽ അന്യായമായി തടവിലാക്കി മനുഷ്യാവകാശം ലംഘിച്ചതിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു കേരള മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. അതേസമയം, എംജിഎം പൊൻമുടി വാലി പബ്ലിക് സ്കൂളിൽ ബിന്ദു പ്യൂണായി ജോലിയിൽ പ്രവേശിച്ചു. പുതിയ ജോലി ലഭിച്ചതിനെക്കുറിച്ച് “പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷമാണ്” എന്നാണ് ബിന്ദു പ്രതികരിച്ചത്.
പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പേരൂർക്കട പോലീസ് എസ്‌എച്ച്‌ഒ ശിവകുമാറും ഓമന ഡാനിയലും ഉൾപ്പെടെ നടത്തിയ അന്യായ നടപടി കണ്ടെത്തിയത്. മോഷണ കേസ് വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. മാല മോഷണം വീട്ടിൽ നിന്ന് പോയിരുന്നില്ല, സോഫയുടെ താഴെയുണ്ടായിരുന്നു. മോഷണത്തിൽ പരാതി നൽകിയതിനെ തുടർന്ന് ബിന്ദുവിനെ പൊലീസ് ക്രൂരമായി ചോദ്യം ചെയ്തു. 20 മണിക്കൂർ പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവെക്കുകയും കുടിവെള്ളം പോലും നൽകാതിരിക്കുകയും ചെയ്തു. കുടുംബത്തെ പോലും കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നു.