തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്‌ക്കെതിരെ കേരളത്തിലെമ്പാടും ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എന്‍ഡിഎ വൈസ് ചെയര്‍മാന്‍ പി. കെ. കൃഷ്ണദാസ്. എന്‍ഡിഎ നേതൃയോഗ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലുണ്ടായ സ്വര്‍ണ്ണമോഷണം എല്ലാവരിലും ഞെട്ടലുണ്ടാക്കി. ഹൈക്കോടതി തന്നെയാണ് സ്വര്‍ണ്ണ മോഷണം കൈയോടെ പിടികൂടിയത്. മുഖ്യമന്ത്രിക്കും ദേവസ്വം ബോര്‍ഡിനും സ്വര്‍ണ്ണമോഷണത്തില്‍ പങ്കുണ്ട്. ദേവസ്വം ബോര്‍ഡിനെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതില്‍ നടക്കുന്ന അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നത്. പങ്കുള്ളതുകൊണ്ടാണ്. ശബരിമലയില്‍ നാളിതുവരെ നടന്ന എല്ലാ മോഷണത്തിനും മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പങ്കുണ്ടെന്ന് വ്യക്തമായി കഴിഞ്ഞു. ദേശീയ സംഖ്യ ശബരിമല പ്രക്ഷോഭം ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
യുഡിഎഫിന്റെ കാലത്തും ശബരിമലയില്‍ ഇത്തരം കൊള്ളകള്‍ നടന്നിട്ടുണ്ട്. ശബരിമലയില്‍ മാത്രമല്ല ദേവസ്വം ബോര്‍ഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും സമാന സംഭവങ്ങള്‍ നടക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. കാണിക്കമോഷണം ഉള്‍പ്പെടെയുള്ള മോഷണങ്ങളുടെ വിവരങ്ങളാണ് ഉയരുന്നത്. സിപിഎമ്മിന്റെ ലിസ്റ്റിലുള്ളവരെയാണ് ദേവസ്വം ബോര്‍ഡിന്റെ സ്ഥാനങ്ങളില്‍ തിരുകി കയറ്റുന്നത്. ഇതില്‍ ഇവര്‍ക്കും പങ്കുണ്ട്. ഇവരിലൂടെയാണ് മോഷണങ്ങള്‍ നടക്കുന്നത്.
യുഡിഎഫിന്റെ കാലത്തും ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. ശിവകുമാര്‍ ദേവസ്വം മന്ത്രിയായിരുന്ന സമയത്ത് ശബരിമലയിലേക്ക് പാത്രങ്ങള്‍ വാങ്ങിയ വകയില്‍ വലിയ അഴിമതിയാണ് നടന്നത്. അതിലെ സത്യാവസ്ഥ ഇതുവരെ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ 25 വര്‍ഷത്തിനിടയ്ക്ക് ശബരിമലയിലുണ്ടായ എല്ലാ അഴിമതികളിലും സമഗ്ര അന്വേഷണം വേണമെന്നും കേസുകള്‍ സിബിഐ അന്വേഷിക്കണമെന്നും എന്‍ഡിഎ ആവശ്യപ്പെട്ടു.
പോറ്റിമാരുടെ മേല്‍ പഴിചാരി രക്ഷപ്പെടാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. ദേവസ്വം ബോര്‍ഡ് പിരിച്ചു വിടണം.
ശബരിമലയില്‍ നടക്കുന്ന കൊള്ളകള്‍ക്കെതിരെ ഒന്നാംഘട്ടമെന്ന നിലയില്‍ 17ന് സെക്രട്ടറിയേറ്റിന് മുന്നില്‍ എന്‍ഡിഎയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. 21ന് സംസ്ഥാനത്തെ 30 കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണകള്‍ നടത്തും. മൂന്നാം ഘട്ട പ്രതിഷേധം അടുത്ത നേതൃയോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിനെതിരെയും യുഡിഎഫിനെതിരെയും അതിശക്തമായ പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് ഉയര്‍ന്ന് വരുന്നത്. കേരളത്തില്‍ ആറരപതിറ്റാണ്ട് കാലമായി ഭരണം നടത്തി സംസ്ഥാനത്തെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ച്ചയുടെ നെല്ലിപ്പടികയില്‍ എത്തിച്ച എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ക്കെതിരെ ഒരു പുതിയ രാഷ്ട്രീയ ശക്തിയെന്ന നിലയില്‍ ദേശീയ ജനാധിപത്യ സംഖ്യത്തെ ജനങ്ങല്‍ സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥനയാണ് രാഷ്ട്രീയ പ്രമേയത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയുള്ളത്. ജനവിരുദ്ധ മുന്നണികളാണ് കേരളം ഭരിക്കുന്നത്. ജനവിരുദ്ധ മുന്നണികള്‍ക്കെതിരെ ഒരു ജനകീയ ബദല്‍ അതാണ് ദേശീയ ജനാധിപത്യ സംഖ്യം. കേരളത്തെ മാറ്റത്തിന്റെ പാതയില്‍ എത്തിക്കാന്‍ എന്‍ഡിഎയ്ക്ക് മാത്രമേ കഴിയുകയുള്ളൂ
.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണം കൊണ്ട് സാധാരണ ജനങ്ങള്‍ ഉള്‍പ്പെടെ പൊറുതി മുട്ടിയിരിക്കുകയാണ്. കേരള ജനത ഒരു മോചനം ആഗ്രഹിക്കുന്നു. ആ മോചനം നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് മാത്രമേ നല്‍കാന്‍ കഴിയുകയുള്ളൂ. വികസിത കേരളമെന്ന ലക്ഷ്യം ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച് കൊണ്ട് അതിശക്തമായി രാഷ്ട്രീയ മുന്നേറ്റമാണ് പ്രചരണ പ്രക്ഷോഭപരിപാടികള്‍ക്ക് എന്‍ഡിഎ സംസ്ഥാന നേതൃയോഗം രൂപം നല്‍കിയിട്ടുള്ളത്. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി എന്‍ഡിഎ നേരിടുമെന്നും കൃഷ്ണദാസ് പറഞ്ഞു. ജില്ലാ, മണ്ഡലം, പഞ്ചായത്ത്, വാര്‍ഡു തലങ്ങളില്‍ എന്‍ഡിഎ സംവിധാനം ശക്തിപ്പെടുത്താനും തീരുമാനിച്ചതായി കൃഷ്ണദാസ് പറഞ്ഞു.
ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി, എന്‍ഡിഎ സംസ്ഥാന വൈസ് ചെയര്‍മാന്‍ എ. എന്‍. രാധാകൃഷ്ണ്‍, ശിവസേന സംസ്ഥാന പ്രസിഡന്റ് അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ കുരുവിള മാത്യൂസ്, കേരള കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍, സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് വി. വി. രാജേന്ദ്രന്‍, നാഷണല്‍ പിപ്പിള്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ.റ്റി. തോമസ്, ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാമചന്ദ്രന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ഷോണ്‍ ജോര്‍ജ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു