breaking-news Kerala

കൈകോര്‍ത്ത് റിലയന്‍സ് ജിയോയും മസ്‌ക്കും; ഇന്റര്‍നെറ്റിന് ഇനി ചെലവ് കുറയും; വേഗത കൂടും

കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് ശതകോടീശ്വര സംരംഭകന്‍ ഇലോണ്‍ മസ്‌ക്കിന്റെ സ്‌പേസ് എക്‌സുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ത്യയിലെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് ജിയോ എത്തിക്കും.സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ജിയോയുടെ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലൂടെ ലഭ്യമാക്കുന്നത് പുതിയ പങ്കാളിത്തത്തിന്റെ ഭാഗമാണ്.

ഡാറ്റാ ട്രാഫിക്കിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഓപ്പറേറ്റര്‍ എന്ന നിലയില്‍ ജിയോയുടെ സ്ഥാനവും ലോകത്തിലെ മുന്‍നിര ലോ എര്‍ത്ത് ഓര്‍ബിറ്റ് സാറ്റലൈറ്റ് കോണ്‍സ്റ്റലേഷന്‍ ഓപ്പറേറ്റര്‍ എന്ന നിലയില്‍ സ്റ്റാര്‍ലിങ്കിന്റെ സ്ഥാനവും പുതിയ കരാറിലൂടെ ഇരുകമ്പനികളും പരമാവധി പ്രയോജനപ്പെടുത്തും. ഇന്ത്യയിലെ അതിവിദൂര ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം വിശ്വസനീയമായ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിന് പുതിയ പങ്കാളിത്തം സഹായിക്കും. ജിയോ തങ്ങളുടെ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ ലഭ്യമാക്കുക മാത്രമല്ല ചെയ്യുക, ഉപഭോക്തൃ സേവനങ്ങളും ഇന്‍സ്റ്റലേഷനുമെല്ലാം പിന്തുണയ്ക്കുന്ന സംവിധാനം സജ്ജമാക്കും.

എവിടെ ജീവിക്കുന്നവരായാലും ഓരോ ഇന്ത്യക്കാരനും താങ്ങാവുന്ന നിരക്കില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കുകയാണ് ജിയോയുടെ മുഖ്യ അജണ്ട–റിലയന്‍സ് ജിയോ ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മന്‍ പറഞ്ഞു. എല്ലാവര്‍ക്കും തടസമില്ലാത്ത ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ലഭ്യമാക്കുകയെന്ന തങ്ങളുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് പദ്ധതി ഉപഭോക്താക്കളിലേക്കെത്തിക്കുന്നതിനുള്ള ഈ പ്ങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളെയും ബിസിനസുകളെയുമെല്ലാം ശക്തിപ്പെടുത്തുന്നതിന് ഈ കണക്റ്റിവിറ്റി വിപ്ലവം സഹായിക്കും.

ഇന്ത്യയുടെ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതില്‍ ജിയോയുടെ പ്രതിബദ്ധതയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു–സ്‌പേസ് എക്‌സ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഗ്വയിന്‍ ഷോട്ട് വെല്‍ പറഞ്ഞു.
സ്റ്റാര്‍ലിങ്കിന്റെ അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ കൂടുതല്‍ ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബിസിനസുകള്‍ക്കും ലഭ്യമാക്കുന്നതിനായി ജിയോയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ഞങ്ങളുടെ തീരുമാനം. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് ഉടന്‍ അംഗീകാരം ലഭിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ–അദ്ദേഹം പറഞ്ഞു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video