കൊച്ചി: സമൂഹത്തിൽ അരക്ഷിതാവസ്‌ഥ സൃഷ്ടിച്ച് അതിൽ നിന്ന് രാഷ്ട്രീയ ലാഭം ഉണ്ടാക്കാനുള്ള സിപിഎം- ബിജെപി ശ്രമങ്ങളാണ് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി വിധിയിലൂടെ ഇല്ലാതായതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ആർ എസ് എസ് മനസുള്ള സർക്കാരാണ് കേരളത്തിലേത്. മുനമ്പം വഖഫ് ഭൂമിയല്ലെന്ന് തുടക്കം മുതൽ നിലപാടെടുത്തത് കോൺഗ്രസും യുഡിഎഫുമാണ്. മുനമ്പത്ത് നിന്ന് ഒരാളെയും ഇറക്കി വിടില്ലെന്നും കോൺഗ്രസ് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇരു സമുദായങ്ങളെയും തമ്മിൽ തല്ലിച്ചു രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിച്ചത്.
പ്രശ്നം പരിഹരിക്കാൻ ഒട്ടേറെ അവസരങ്ങൾ ഉണ്ടായിട്ടും എരിതീയിൽ എണ്ണയൊഴിക്കുന്ന നിലപാടാണ് സംസ്‌ഥാന സർക്കാർ സ്വീകരിച്ചത്. ബിജെപിയാകട്ടെ കേന്ദ്ര ഭരണം മറയാക്കി മുനമ്പത്തെ സാധാരണക്കാരായ ജനങ്ങളെ വഞ്ചിച്ചു. രാഷ്ട്രീയ ലാഭത്തിനായി ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവൻ അരക്ഷിതാവസ്‌ഥയിലാക്കിയ ഇരു സർക്കാരുകളും ജനങ്ങളോയോട് മാപ്പ് പറയണം. സിപിഎമ്മിനെ മുന്നിൽ നിർത്തി ആർ എസ് എസ് അജണ്ട നടപ്പാക്കാനാണ് മുനമ്പത്ത് ശ്രമിച്ചത്. ഹൈക്കോടതി വിധിയോടെ കോൺഗ്രസും യുഡിഎഫും തുടക്കം സ്വീകരിച്ച നിലപാട് ശരിയാണെന്ന് തെളിഞ്ഞതായും ഷിയാസ് പറഞ്ഞു.