കോഴിക്കോട്: മലാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ ഭൗതികശരീരം കൊട്ടാരം റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയായ സിതാരയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ എത്തിച്ചു. സംസ്‌കാരം വൈകിട്ട് 5ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ വെച്ച് നടക്കും. വൈകിട്ട് 4 വരെ അദ്ദേഹത്തിന്റെ വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാം.
നടന്‍ മോഹന്‍ലാല്‍, എം എന്‍ കാരശ്ശേരി, മന്ത്രി എ കെ ശശീന്ദ്രന്‍, എം പി ഷാഫി പറമ്പില്‍, എം സ്വരാജ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വീട്ടിലെത്തി.
എംടിയുടെ വിയോഗവാര്‍ത്തയറിഞ്ഞ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. അവസാന നിമിഷങ്ങളില്‍ ഭാര്യ സരസ്വതിയും മകള്‍ അശ്വതിയും ഒപ്പമുണ്ടായിരുന്നു. സാഹിത്യം, സിനിമ, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെ പ്രമുഖര്‍ ഇതിഹാസ എഴുത്തുകാരനെ ആദരിക്കാന്‍ വസതിയില്‍ എത്തുന്നത് തുടരുന്നു.