തിരുവനന്തപുരം: നടൻ സന്തോഷ് കെ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രിയപ്പെട്ട സുഹൃത്തിന്റെ വേർപാടിൽ മോഹൻലാൽ ദുഃഖം രേഖപ്പെടുത്തിയത്.
ദീർഘകാലത്തെ ആത്മബന്ധമുള്ള സന്തോഷിന്റെ വിയോഗം തനിക്ക് വ്യക്തിപരമായ വലിയൊരു നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഏറെ വിഷമിപ്പിക്കുന്ന ഒരു ദു:ഖവാർത്തയാണ് ഇന്ന് രാവിലെ കേട്ടത്. വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട സന്തോഷ് ഒരു വാഹനാപകടത്തിൽ ഈ ലോകത്തോട് വിടപറഞ്ഞു. കോളേജിൽ എൻറെ ജൂനിയറായിരുന്നു സന്തോഷ്. ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം എനിക്ക്. ഒട്ടനവധി സിനിമകളിൽ ഞങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. തലയെടുപ്പുള്ള വ്യക്തിത്വമായി, ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസ്സിൻറെയുടമ. സന്തോഷിൻറെ അകാലത്തിലുള്ള വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ.
മലയാള ചലച്ചിത്ര മേഖലയിലെ പ്രമുഖരും ആരാധകരും സന്തോഷിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ചൊവ്വ പുലർച്ചെ അടൂർ എംസി റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിലാണ് നടൻ സന്തോഷ് കെ നായർ മരിച്ചത്. ഭാര്യ രാജലക്ഷ്മിക്ക് ഗുരുതരപരിക്കുണ്ട്. സന്തോഷ് യാത്ര ചെയ്ത കാർ നിയന്ത്രണം തെറ്റി ട്രക്കിൽ ഇടിക്കുകയായിരുന്നു. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. നൂറിലേറെ സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പ്രദർശനം തുടരുന്ന മോഹിനിയാട്ടമാണ് അവസാനം പുറത്തിറങ്ങിയ സിനിമ.
