കൊച്ചി: വിസ്മയ നായികയായെത്തുന്ന ‘തുടക്കം’ സിനിമയുടെ പൂജ താരസമ്പന്നമായി നടന്നു. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലിൽ വച്ചായിരുന്നു പൂജ. സഹോദരനും നടനുമായ പ്രണവ് ക്ലാപ്പ് അടിച്ചു കൊണ്ടാണ് സിനിമയ്ക്ക് ആരംഭം കുറിച്ചത്. സുചിത്ര മോഹന്‍ലാല്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. ജേക്‌സ് ബിജോയ് ആണ് സംഗീതം. ജോമോന്‍ ടി ജോണ്‍ ആണ് ചായാഗ്രഹണം.
തന്റെ കുട്ടികൾ സിനിമയിലഭിനയിക്കുമെന്ന് ഒരിക്കൽപ്പോലും വിചാരിച്ചിട്ടില്ലെന്ന് മോഹൻലാൽ പൂജാ ചടങ്ങിൽ പ്രതികരിച്ചു . മോഹൻലാലിന്റെ മകൾ വിസ്മയയെ നായികയാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം. തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം വിസ്മയമായാണ് കണക്കാക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.മോഹൻലാലിന്റെ ഭാര്യ എന്നതിലപ്പുറം മായയുടെ അമ്മയായിട്ടാണ് ഉപദേശങ്ങൾ നൽകാൻ കഴിയത്തുള്ളു എന്ന് ചടങ്ങിൽ ,സുചിത്ര മോഹൻലാൽ അവതാരികയുടെ ചോദ്യത്തിന് മറുപടി നൽകിയത്.
കൊടുക്കാനുള്ള ഉപദേശങ്ങൾ എല്ലാം മകൾക്ക് നൽകിയിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണ് ഇന്ന് കാരണം എന്റെ മകൾ വിസ്മയ സിനിമയിലേക്ക് എത്തുന്ന ദിനം. കുട്ടിക്കാലത്ത് കുസൃതി പോലെ അപ്പുവും മായയും സിനിമ അഭിനയം കളിക്കുമായിരുന്നു. അപ്പു സംവിധായകനാകുമ്പോൾ മായ നടിയാകും. അന്ന് ഞാനായിരുന്നു ക്യാമറമാൻ. അന്ന് കരുതിയില്ല എന്റെ രണ്ട് മക്കളും സിനിമയിലേക്ക് എത്തുമെന്നും സുചിത്ര മോഹൻലാൽ പ്രതികരിച്ചു. എന്റെ ചേട്ടന് ദാദാസേഹേബ് ഫാൽക്കേ അവാർഡ് കിട്ടിയ വർഷമാണിത്, എന്റ മകൾ സിനിമയിലെത്തുന്നു, അപ്പുവിന്റെ സിനിമ റിലീസാകുന്നു. സന്തോഷമെന്നും സുചിത്ര മോഹൻലാൽ പ്രതികരിച്ചു.
