കൊച്ചി: മനുഷ്യജീവിതത്തിന്റെ നാനാതുറകളെ നമുക്ക് മുമ്പിൽ നന്മയത്വത്തോടെ അവതരിപ്പിച്ച മഹാനടനായിരുന്നു സലിംകുമാറെന്ന് വിനോദസഞ്ചാര -ചലച്ചിത്ര-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കലാകാരൻ്റെ ധർമ്മം നിറവേറ്റിയാണ് അകാലത്തിൽ സലിം കുമാർ വിടപറയുന്നത്.
ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞപ്പോൾ രാവിലെ മകൻ ചന്തുവിനെ വിളിച്ച് അന്വേഷിച്ചിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്ന് ചന്തു പറഞ്ഞപ്പോൾ ആശ്വാസം തോന്നി; പലതവണ ജീവിതത്തിലേക്ക് തിരിച്ചു വരാറുള്ളതുപോലെ സലിമേട്ടൻ തിരിച്ചുവരും എന്നു തന്നെ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഏറെ ദുഃഖകരമായ വാർത്തയാണ് മലയാളികളെ തേടിവന്നത്.
സലിംകുമാർ എന്ന നടനെ ആദ്യം നേരിൽ കണ്ടത് എറണാകുളം പ്രസ് ക്ലബ്ബിൽ വെച്ചാണ്; ലാൽ ജോസിന്റെ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം. താൻ മറ്റൊരു വാർത്താ സമ്മേളനത്തിന്റെ ഭാഗമായും. കെഎസ്‌യു പ്രസിഡൻ്റ് ആയിരുന്ന തന്നോട് വളരെ വാത്സല്യവും സ്നേഹവും കാട്ടി, അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോഴും ഓർമ്മയുണ്ട്. “ഞാനൊരു എം.എ ക്കാരൻ ആണെന്നും കോൺഗ്രസുകാരൻ ആണെന്നും പറഞ്ഞാൽ ആരും വിശ്വസിക്കില്ല!” അങ്ങനെ തുടങ്ങിയ സംഭാഷണം വലിയ ആത്മബന്ധത്തിലേക്ക് വഴിമാറി. പിന്നെ എത്രയോ കൂടിച്ചേരലുകളും സംഭാഷണങ്ങളും ഒരുമിച്ചുള്ള പരിപാടികളും ഓർമ്മയിൽ തങ്ങിനിൽക്കുന്നു.
മനുഷ്യന്റെ സന്തോഷവും സങ്കടവും നിസ്സഹായതയും ആത്മാഭിമാനവും ഒരുപോലെ അവതരിപ്പിക്കാൻ കഴിയുന്ന അസാധാരണ അഭിനേതാവായിരുന്നു സലിം കുമാർ. മലയാളിയുടെ ദൈനംദിന ഭാഷയിലേക്കും സംസ്കാരത്തിലേക്കും കടന്നുകയറിയ നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച അദ്ദേഹം, അഭിനയത്തിന് അതിരുകളില്ലെന്ന് തെളിയിച്ച കലാകാരനാണ്. സലിംകുമാറിൻ്റെ അഭിനയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സ്വാഭാവികതയാണ്. അദ്ദേഹം കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ നമ്മുടെ ചുറ്റുപാടിൽ ജീവിക്കുന്ന ഒരാളായി മാറുമായിരുന്നു.
ഹാസ്യരംഗങ്ങളിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച അതേ നടൻ, ഗൗരവമുള്ള കഥാപാത്രങ്ങളിലൂടെ കണ്ണ് നനയിപ്പിക്കുകയും ചെയ്തു.
അച്ഛനുറങ്ങാത്ത വീട്, പെരുമഴക്കാലം, ആദാമിന്റെ മകൻ അബു തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം വെറും ഹാസ്യ നടനല്ലെന്നും ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണെന്നും തെളിയിച്ചു.
ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും സാധാരണ മനുഷ്യരുടെ അനുഭവങ്ങളെ കഥാപാത്രങ്ങളിലേക്ക് പകർത്തുകയും ചെയ്ത അദ്ദേഹത്തിന്റെ രീതി ഓരോ അഭിനേതാവിനും പാഠപുസ്തകമാണ്. ദേശീയ പുരസ്കാരം നേടിയ അഭിനയ പ്രതിഭ മാത്രമല്ല, മികച്ച സഹൃദയൻ കൂടിയായിരുന്നു അദ്ദേഹം.
താനുൾപ്പെടെയുള്ള പൊതുപ്രവർത്തകരെ ഒരുപാട് സ്നേഹിച്ച, വിമർശനാത്മകമായി സമീപിച്ച സലിംകുമാറിൻ്റെ വിയോഗം വ്യക്തിപരമായ വലിയ നഷ്ടം കൂടിയാണെന്ന് മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സലിംകുമാർ ഇല്ലെന്ന സത്യം അദ്ദേഹത്തെ സ്നേഹിക്കുന്ന ആർക്കും ഉൾക്കൊള്ളാൻ സാധിക്കുകയില്ലെന്നും വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു

