വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസിൽ യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉൾപ്പടെയുള്ള ഉന്നതർ പങ്കെടുത്ത പരിപാടിക്കിടെ വെടിയുതിർത്തത് കാലിഫോർണിയയിലെ ടോറൻസ് സ്വദേശി കോൾ തോമസ് അലൻ(31).ലിങ്ക്ഡ്ഇൻ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അലനെ കുറിച്ചുള്ള വിവരം നൽകിയിരിക്കുന്നത് മെക്കാനിക്കൽ എഞ്ചിനിയർ, ഇൻഡി ഗെയിം ഡെവലപ്പർ, പാർട്ട് ടൈം അധ്യാപകൻ എന്നിങ്ങനെയാണ്.
കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം നേടിയ അലൻ, കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി-ഡൊമിംഗ്വസ് ഹിൽസിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി
ഐജെകെ കൺട്രോൾസിൽ മെക്കാനിക്കൽ എഞ്ചിനിയർ, കാൽടെക്കിൽ ടീച്ചിംഗ് അസിസ്റ്റൻറ് എന്നീ ജോലികൾ അലൻ ചെയ്തിട്ടുണ്ട്. കൂടാതെ സി2 എഡ്യൂക്കേഷനിൽ പാർട്ട് ടൈം അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2014ൽ, നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ സമ്മർ അണ്ടർ ഗ്രാജുവേറ്റ് റിസർച്ച് ഫെലോഷിപ്പിൽ അലൻ പങ്കെടുത്തിരുന്നു.
ഒരു സ്വതന്ത്ര ഗെയിം ഡെവലപ്പർ കൂടിയാണ്. ‘Bohrdom’, ‘First Law’ എന്നീ ഗെയിമുകൾ കോൾ തോമസ് അലൻ വികസിപ്പിച്ചെടുത്തവയാണെന്നും റിപ്പോർട്ടുകളുണ്ട്.
