തൃശൂർ : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയായി നടി ഭാവന രംഗത്തെത്തുമെന്ന് സൂചന. മംഗളം ദിനപത്രമാണ് താരത്തെ സ്ഥാനാർത്ഥിയായി എത്തിക്കുമെന്ന വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. പാർട്ടിയുടെ പ്രതിശ്ചായ വീണ്ടെടുക്കാനും മൂന്നാം ഇടത് സർക്കാരിനെ ശക്തമായി തന്നെ അധികാരത്തിലെത്തിക്കാനും ഇത്തവണ സർപ്രൈസ് സ്ഥാനാർത്ഥി നിര തന്നെയാണ് സിപി.എം നീക്കം െഎ.എം വിജയനടക്കമുള്ളവർ സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ പറഞ്ഞു കേൾക്കുന്നെങ്കിലും മുൻനിര നടിയെ സി.പി.എം മുഖമായി എത്തിക്കുന്നത് നിർണായക നീക്കമാകും.
ഭാവനയുടെ ജന്മനാടായ തൃശൂരോ അല്ലെങ്കിൽ പാർട്ടിക്ക് കരുത്തുള്ള ഏറ്റവും ശക്തമായ മണ്ഡലമോ തിരഞ്ഞെടുക്കുമെന്നാണ് മംഗളം വാർത്തയിൽ ചൂണ്ടിക്കാട്ടുന്നത്. മംഗളത്തിന്റെ പ്രത്യേക പ്രതിനിധി എസ്.നാരായണനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സർപ്രൈസ് നീക്കവുമായി സി.പി.എം എന്ന തലക്കെട്ടോടെ മംഗളം ദിനപത്രത്തിന്റെ ഒന്നാം പേജിൽ വന്ന വാർത്ത ഗൗരവത്തോടെയാണ് പാർട്ടി കേന്ദ്രങ്ങളും നോക്കിക്കാണുന്നത്. നടിയുടെ അഭിപ്രായം തിരക്കാനാണ് പാർട്ടി കേന്ദ്രങ്ങളുടെ നീക്കം. നടി ഇക്കാര്യത്തിൽ സമ്മതം മൂളിയാൽ സി.പി.എമ്മിന്റെ കരുത്തുറ്റ വനിതാ മുഖമായി ഭാവനയെത്തുകയും ചെയ്യും. കേരളത്തിലാകെ യുവതി-യുവാക്കളിൽ സ്വാധീനം ചെലുത്തിയിട്ടുള്ള നടിയെന്ന രീതിയിലാണ് ഭാവനയെ മത്സരരംഗത്തേക്ക് എത്തിക്കാനായി ചരടുവലികൾ നടക്കുന്നത്.
മുഖ്യമന്ത്രിയും ഇടത് പക്ഷവുമായി അനുഭാവം പുലർത്തുന്ന നടിയെന്ന നിലയിൽ ഭാവനയ്ക്കുള്ള പൊതു സ്വീകാര്യതയും പരിഗണിച്ചാണ് നടിയെ പാർട്ടിയുടെ നക്ഷത്രമുഖമായി മത്സരരംഗത്തേക്ക് എത്തിക്കാൻ നീക്കം. മുൻപ് ഇന്നസെന്റ് മുകേഷ്, ഗണേഷ് കുമാർ ഉൾപ്പെടെയുള്ള താരങ്ങളെ മത്സരരംഗത്തേക്ക് എത്തിച്ചിട്ടുണ്ടെങ്കിലും മുൻനിര നടിയെ മത്സരരംഗത്തിറക്കി പരീക്ഷിക്കുന്ന രീതിയാണ് സി.പി.എം മുന്നോട്ട് വയ്ക്കുന്നത്. കഴിഞ്ഞ കാല തിരഞ്ഞെടുപ്പുകളിൽ ഇതര സംസ്ഥാനങ്ങളിൽ ബി.ജെ.പി പയറ്റിയ തന്ത്രവും തമിഴ്നാട്ടിലെ താര രാഷ്ട്രീയവും ചർച്ചയാകുന്ന സമയത്താണ് ഭാവനയുടെ സ്ഥാനാർത്ഥിത്വവും സി.പി.എം പരിഗണിക്കപ്പെടുന്നത്. നടി ചർച്ചയ്ക്ക് തയ്യാറായാൽ സീറ്റ് ഉറപ്പെന്ന സൂചനകൾ കൂടി എത്തുകയാണ്..

Leave feedback about this