തിരുവനന്തപുരം: മാതൃഭൂമി ക ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയിൽ മുഖ്യാതിഥിയായി ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.മാതൃഭൂമി എം ഡി എം വി ശ്രേയാംസ്കുമാറിനും ചടങ്ങിന്റെ ഉദ്ഘാടകനായ നടൻ മോഹൻലാലിനുമൊപ്പം ഇലക്ട്രിക് ഓട്ടോയിലാണ് യൂസഫ് അലി ഉദ്ഘാടന വേദിയിലേക്ക് എത്തിയത്.
മാതൃഭൂമിയുമായി കാലങ്ങളായുളള അടുപ്പം വിശദീകരിച്ചു കൊണ്ട് ആരംഭിച്ച പ്രസംഗം, ഭഗവത് ഗീതയിലെ വരികളുദ്ധരിച്ചു കൊണ്ടാണ് യൂസഫ് അലി അവസാനിപ്പിച്ചത്. മൺമറഞ്ഞുപോയ പല പ്രഗൽഭരായ എഴുത്തുകാരാൽ സമ്പന്നമായിരുന്നു മാതൃഭൂമിയെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
പുതിയ ലുക്കിൽ ക ഉദ്ഘാടന വേദിയിലെത്തിയ മോഹൻലാൽ മലയാള സാഹിത്യത്തിന്റെ പിന്നിട്ട വഴികൾ ഓർമിപ്പിച്ചു കൊണ്ടാണ് പ്രസംഗം തുടങ്ങിയത്. മലയാള സാഹിത്യത്തിലെ ഭീമസേനൻ അടക്കമുള്ള കഥാപാത്രങ്ങൾ അനശ്വരമാക്കിയതിനെ കുറിച്ചു പറഞ്ഞ മോഹൻലാൽ കവിത ചൊല്ലിയാണ് പ്രസംഗം അവസാനിപ്പിച്ചത്.
മാതൃഭൂമി അക്ഷരോത്സവം ഏഴാം പതിപ്പിന്റെ ഫെസ്റ്റിവൽ പാർട്നർ ആണ് ലുലു.
തിരുവനന്തപുരം കനകക്കുന്നിൽ നാലു നാൾ നീണ്ടുനിൽക്കുന്ന അക്ഷരോത്സവത്തിൽ നിരവധി ദേശീയ അന്തർദേശീയ സാഹിത്യകാരന്മാർ പങ്കെടുക്കും.
