loginkerala breaking-news ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും യൂസഫലി സാറുണ്ടാകും; സെന്റ് ജൂഡ് ദേവാലയത്തിന് അഞ്ച് ലക്ഷത്തിന്റെ സഹായം കൈമാറി എം.എ യൂസഫലി
breaking-news lk-special

ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും യൂസഫലി സാറുണ്ടാകും; സെന്റ് ജൂഡ് ദേവാലയത്തിന് അഞ്ച് ലക്ഷത്തിന്റെ സഹായം കൈമാറി എം.എ യൂസഫലി

തൃപ്രയാര്‍: ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും യൂസഫലി സാറും കുടുംബവും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുമുണ്ടാകും. സെന്റ് ജൂഡ് ദേവാലയത്തിനായി എം. എ യൂസഫലി തൃപ്രയാർ വൈമാളിന്റെ ലാഭവിഹിതത്തിൽ നിന്ന് പ്രഖ്യാപിച്ച സാമ്പത്തിക സഹായമായ അഞ്ച് ലക്ഷത്തിന്റെ ചെക്ക് ഏറ്റുവാങ്ങി കൊണ്ടാണ് വികാരി ഫാദർ ടെസ് ജേക്കബ് കുന്നപ്പള്ളി ഹൃദയസ്പർശിയായ വാക്കുകൾ പറഞ്ഞത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വൈ മാൾ ഉദ്ഘാടന വേളയില്‍ തന്റെ ജന്മനാട്ടിലെ ആരാധനാലയങ്ങൾക്ക് പ്രഖ്യാപിച്ച സാമ്പത്തിക സഹായമാണ് തൃപ്രയാർ സെന്റ് ജൂഡ് ദേവാലയത്തിന് കൈമാറിയത്.

തൃപ്രയാർ ശ്രീരാമക്ഷേത്രം, തൃപ്രയാർ സെന്റ് ജൂഡ് ദേവാലയം, നാട്ടിക ജുമാ മസ്ജിദ്, നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് എല്ലാ വർഷവും വൈമാളിൽ നിന്നുള്ള ലാഭവിഹിതം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് മുൻ വർഷങ്ങളിൽ നൽകിയിരുന്നത്. ഇത്തവണ അത് അഞ്ച് ലക്ഷമാക്കി ഉയർത്തുകയും ചെയ്തു. ചെക്ക് കൈമാറിയപ്പോൾ ദേവാലയത്തിലെ വികാരിക്കും ഭാരവാഹികൾക്കും എം.എ യൂസഫലിയോടുള്ള നന്ദി കേവലം വാക്കുകളിൽ ഒതുങ്ങിയില്ല. എം.എ യൂസഫലിക്ക് വേണ്ടി സെക്രട്ടറി ഇ.എ ഹാരീസ്, ലുലു ഇന്ത്യ മീഡിയ ​ഹെഡ് എൻ.ബി സ്വരാജ് എന്നിവർ ചേർന്നായിരുന്നു ചെക്ക് കൈമാറിയത്. തൃപ്രയാർ സെന്റ് ജൂഡ് ദേവാലയം ട്രസ്റ്റി അം​ഗങ്ങളായ റോബിൻസൺ സി.ജെ ചുങ്കത്ത്, സോണി സി ആന്റണി ചാലക്കൽ എന്നിവർ സന്നിഹിതരായിരുന്നു. വൈമാളിന്റെ ഉദ്ഘാടന വേളയിൽ പ്രഖ്യാപിച്ച സാമ്പത്തിക സഹായം കോവിഡ് സമയത്ത് മുടങ്ങിയെങ്കിലും അതു കൂടി ചേർത്തുള്ള സഹായം പിന്നീടുള്ള വർഷങ്ങളിൽ എം.എ യൂസഫലി ആരാധനാലയങ്ങൾക്ക് നൽകി.

പടം അടിക്കുറിപ്പ്:

തൃപ്രയാർ സെന്റ് ജൂഡ് ദേവാലയത്തിനായി എം. എ യൂസഫലി പ്രഖ്യാപിച്ച സാമ്പത്തിക സഹായമായ അഞ്ച് ലക്ഷത്തിന്റെ ചെക്ക് എം.എ യൂസഫലിക്ക് വേണ്ടി സെക്രട്ടറി ഇ.എ ഹാരീസ്, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവർ ചേർന്ന് ഫാദർ ടെസ് ജേക്കബ് കുന്നപ്പള്ളിക്ക് കൈമാറുന്നു. ട്രസ്റ്റി അം​ഗങ്ങളായ റോബിൻസൺ സി.ജെ ചുങ്കത്ത്, സോണി സി ആന്റണി ചാലക്കൽ എന്നിവർ സമീപം.

Exit mobile version