loginkerala lk-special പത്ത് കുടുംബം​ഗങ്ങൾക്ക് കൂടി വീട് നൽകും, ഉറപ്പുമായി ലുലു ​ഗ്രൂപ്പ് ചെയർമാൻ; ചാനൽ വേദിയിൽ നൽകിയവാക്ക് പാലിച്ച് എം.എ യൂസഫലി; നാല് കുടുംബം​ഗങ്ങൾക്ക് വീടിന്റെ താക്കോൽ കൈമാറി
lk-special

പത്ത് കുടുംബം​ഗങ്ങൾക്ക് കൂടി വീട് നൽകും, ഉറപ്പുമായി ലുലു ​ഗ്രൂപ്പ് ചെയർമാൻ; ചാനൽ വേദിയിൽ നൽകിയവാക്ക് പാലിച്ച് എം.എ യൂസഫലി; നാല് കുടുംബം​ഗങ്ങൾക്ക് വീടിന്റെ താക്കോൽ കൈമാറി

കൊച്ചി: പത്ത് കുടുംബം​ഗങ്ങൾക്ക് കൂടി തന്റെ വകയായി വീട് നൽകുമെന്ന പ്രഖ്യാപനവുമായി ലുലു ​ഗ്രൂപ്പ് ചെയർമാനും മനുഷ്യസ്നേഹിയുമായ എം.എ യൂസഫലി. നിര്‍ദ്ധനരായ നാല് കുടുംബംഗങ്ങള്‍ക്ക് എം.എ യൂസഫലിയുടെ വകയായി നൽകിയ വീടിന്റെ താക്കോൽ കൈമാറിക്കൊണ്ടായിരുന്നു ലുലു ​ഗ്രൂപ്പ് ചെയർമാന്റെ പുതിയ പ്രഖ്യാപനം. 24 ചാനലിന്റെ വാര്‍ഷിക വേദിയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ നല്‍കിയ വാക്കാണ് കഴിഞ്ഞ ദിവസം നിറവേറ്റിയത്. അർഹതപ്പെട്ടവരെ ചാനൽ കണ്ടെത്തി അവരിലേക്ക് എത്രയും വേ​ഗം വീട് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ വീടിന്റെ താക്കോല്‍ കൈമാറിയ നാല് കുടുംബങ്ങള്‍ക്കും വീട്ടിന് ആവശ്യമായ ഗൃഹോപകരണങ്ങള്‍ വാങ്ങാനായി രണ്ട് ലക്ഷം രൂപ കൂടി നല്‍കുമെന്നും അദ്ദേഹം ചടങ്ങില്‍ പ്രഖ്യാപിച്ചു.

തൃശൂര്‍ വടക്കാഞ്ചേരി സ്വദേശികളായ ആര്‍ദ്ര അര്‍ജുന്‍ എന്നീ സഹോദരങ്ങള്‍ക്കും, കോട്ടയം സ്വദേശിയായ അലീന എന്ന പെണ്‍കുട്ടിക്കും, കായംകുളം പത്തിയൂര്‍ സ്വദേശിയായ രചിത്രയ്ക്കും, കരീലകുളങ്ങര സ്വദേശിയായ തനീഷ് സിമി ദമ്പതികള്‍ക്കുള്ള വീടുമാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ നല്‍കിയത്. വീടിന്റെ താക്കോല്‍ കൈമാറിയപ്പോള്‍ ഉള്ളില്‍ തട്ടിയ നന്ദി പറച്ചിലും കണ്ണീരണിഞ്ഞ വാക്കുകളുമാണ് കുടുംബംഗങ്ങള്‍ക്ക് പറയുവാനുള്ളത്. നിലാരംബരായവരെ സഹായിക്കുകയും സഹജീവികളെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുകയാണ് മനുഷ്യന്റെ കടമയും ഉത്തരവാദിത്തവുമെന്ന് എം.എ യൂസഫലി പ്രതികരിച്ചു.

ആലപ്പുഴ , തൃശൂര്‍ കോട്ടയം ജില്ലകളിലെ അര്‍ഹതപ്പെട്ട നാല് കുടുംബംഗങ്ങളിലേക്കാണ് എം.എ യൂസഫലി നല്‍കിയ വീടെത്തിയത്. വാര്‍ത്തകളിലൂടെ ഇടപെടലുകള്‍ എത്തുമ്പോള്‍ നിര്‍ദ്ധനരായ ഒരുപാട് പേരെ സഹായിക്കാന്‍ സാധിക്കും. അങ്ങനെ കണ്ടെത്തിയ അര്‍ഹതപ്പെട്ട കൈകളിലേക്കാണ് വീട് താന്‍ സമ്മാനിക്കുന്നതെന്നും എം. എ യൂസഫലി വ്യക്തമാക്കി. ജീവകാരുണ്യപ്രവര്‍ത്തന രംഗത്ത് എം.എയൂസഫലിയും ലുലുഗ്രൂപ്പും നടത്തുന്നത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് 24 ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായരും പറഞ്ഞു.

Exit mobile version