ദുബായ് : ദുബായ് കെയേഴ്സ് ആഗോളതലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ്. ഒരു മില്യണ് ദിർഹത്തിന്റെ സഹായം ദുബായ് കെയേഴ്സ് സിഇഒ താരിഖ് അൽ ഗുർഗിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി കൈമാറി. വിശുദ്ധ മാസത്തിൽ ദുബായ് കെയേഴ്സിന് സഹായം നൽകാൻ സാധിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും യുഎഇ വൈസ് പ്രസിഡന്റും
പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണമുള്ള സേവനത്തിന് നൽകുന്ന പിന്തുണയാണിതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.

നിരാലംബരായ കുട്ടികൾക്ക് വിദ്യാഭ്യാസവും വളർച്ചയും എത്തിക്കുക എന്ന ലക്ഷ്യത്തിന് കരുത്തേകുന്നതാണ് ലുലുവിന്റെ സഹായമെന്ന് ദുബായ് കെയേഴ്സ് സിഇഒ താരിഖ് അൽ ഗുർഗ് പറഞ്ഞു. ലോകമെമ്പാടുമുള്ള നിരാലംബരായ കുട്ടികൾക്കും യുവാക്കൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസമെത്തിക്കാൻ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ് നേതൃത്വം നൽകുന്ന പദ്ധതിയാണ് ദുബായ് കെയേഴ്സ്. 60 വികസ്വര രാജ്യങ്ങളിലെ 24 ദശലക്ഷം പേർക്ക് ദുബായ് കെയേഴ്സിന്റെ സഹായമെത്തുന്നുണ്ട്. വികസ്വര രാജ്യങ്ഹളിലെ സ്കൂളുകളിൽ സാനിറ്റേഷൻ ശുചിത്വ സൗകര്യങ്ങൾ കൂടുതൽ മികച്ചതാക്കുന്നതിനുള്ള ദുബായ് കെയേഴ്സിന്റെ പദ്ധതികളിലടക്കം ലുലു നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദുബായ് കെയേഴ്സിന്റെ പദ്ധതികളിലേക്ക് ലുലുവിന്റെ ഉപഭോക്താക്കളെ കൂടി ഭാഗമാക്കുന്ന വിവിധ ക്യാംപെയ്നുകളും ലുലു ഹൈപ്പർമാർക്കറ്റുകളിൽ നടപ്പാക്കുന്നുണ്ട്.
Leave feedback about this