ലോകസമ്പന്നരിൽ ഒന്നാമത് ഇലോൺ മസ്ക് ; ഇന്ത്യക്കാരിൽ മുന്നിൽ മുകേഷ് അംബാനി
ദുബായ് : ലോകസമ്പന്നരുടെ ഫോബ്സ് റിയൽടൈം പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി എം. എ യൂസഫലി. 58100 കോടി രൂപയുടെ (7 ബില്യൺ ഡോളർ) ആസ്തിയാണ് എം. എ യൂസഫലിക്കുള്ളത്. പട്ടികയിൽ 547ആം സ്ഥാനത്താണ് അദേഹം. ഹൈപ്പർമാർക്കറ്റുകൾ, ഷോപ്പിങ്ങ് മാളുകൾ, ഐടി ഇൻഫ്രാസ്ട്രക്ച്ചർ, ഫുഡ് പ്രോസസിങ്ങ് കേന്ദ്രങ്ങൾ, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലായി മികച്ച വളർച്ചാനിരക്കാണ് ലുലുവിനുള്ളത്. മിഡിൽ ഈസ്റ്റിൽ മാത്രം 260 ലേറെ റീട്ടെയ്ൽ സ്റ്റോറുകൾ ലുലുവിനുണ്ട്.
ലുലു റീട്ടെയ്ലിൻറെ മികച്ച വളർച്ചാനിരക്കും വാർഷിക വളർച്ചയ്ക്ക് കരുത്തേകി. ലോങ്ങ് ടേം സ്റ്റ്രാറ്റജിയിലുള്ള മികച്ച വളർച്ചാനിരക്കാണ് ലുലു റീട്ടെയ്ൽ രേഖപ്പെടുത്തിയത്. 2024ൽ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതിന് പിന്നാലെ 1.7 ബില്യൺ ഡോളറിന്റെ നേട്ടം ലുലു നേടിയിരുന്നു. വിപുലമായ വികസന പദ്ധതികളും നിക്ഷേപരുടെ സാന്നിദ്ധ്യം വർധിക്കാൻ ഗുണം ചെയ്തിരുന്നു. നിക്ഷേപകരുടെ വലിയ സാന്നിദ്ധ്യവും റീട്ടെയ്ൽ രംഗത്തെ മികച്ച പ്രകടനവും കണക്കിലെടുത്ത് നിക്ഷേപകർക്കായി 8500 കോടി രൂപയുടെ (98.4 മില്യൺ ഡോളർ) ലാഭവിഹിതം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 78 ശതമാനത്തിലേറെ ലാഭവിഹിതമാണ് ഇതോടെ നിക്ഷേപകർക്ക് ലഭിക്കാൻ വഴിയൊരുങ്ങിയത്. പ്രൈവറ്റ് ലേബൽ, ഇ കൊമേഴ്സ് രംഗത്തും മികച്ച വളർച്ച നിരക്കാണ് രേഖപ്പെടുത്തിയത്.

ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ആണ് മലയാളികളിൽ രണ്ടാമത്. 5.3 ബില്യൺ ആസ്തിയോടെ 761ആം സ്ഥാനത്താണ് ജോയ് ആലുക്കാസ്.ജെംസ് എജ്യുക്കേഷൻ ചെയർമാൻ സണ്ണി വർക്കി (4 ബില്യൺ ഡോളർ), ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള (3.9 ബില്യൺ ഡോളർ), കല്യാൺ ജൂവലേഴ്‌സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ (3.8 ബില്യൺ ഡോളർ), ശോഭ ഗ്രൂപ്പ് സ്ഥാപകൻ പി.എൻ.സി. മേനോൻ (3.6 ബില്യൺ ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (3.6 ബില്യൺ ഡോളർ), കെയ്ൻസ് ഗ്രൂപ്പ് സ്ഥാപകൻ രമേശ് കുഞ്ഞിക്കണ്ണൻ (3.1 ബില്യൺ ഡോളർ), മുത്തൂറ്റ് ഫിനാൻസിന്റെ പ്രൊമോട്ടർമാരായ ജോർജ് ജേക്കബ് മുത്തൂറ്റ്, സാറാ ജോർജ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് (2.5 ബില്യൺ ഡോളർ), ബുർജീൽ ഹോൾഡിങ്‌സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ (1.9 ബില്യൺ ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ 1.9 ബില്യൺ ഡോളർ), വി-ഗാർഡ് ഗ്രൂപ്പ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (1.4 ബില്യൺ ഡോളർ) എന്നിവരാണ് ഫോബ്‌സിന്റെ ആഗോള റിയൽടൈം സമ്പന്ന പട്ടികയിൽ ഇടംപിടിച്ച മറ്റു മലയാളികൾ.
ആഗോള തലത്തിൽ ടെസ്‌ല, സ്‌പേസ് എക്‌സ് എന്നിവയുടെ മേധാവി ഇലോൺ മസ്‌കാണ് ഒന്നാം സ്ഥാനത്ത്. 477.6 ബില്യൺ ഡോളറാണ് അദേഹത്തിന്റെ ആസ്തി. ഓറക്കിൾ സഹസ്ഥാപകനായ ലാറി എലിസൺ (367.9 ബില്യൺ ഡോളർ), മെറ്റ സിഇഒ മാർക്ക് സുക്കർബർഗ് (266.7 ബില്യൺ ഡോളർ) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇന്ത്യക്കാരിൽ 105.7 ബില്യൺ ഡോളറിന്റെ ആസ്തിയുമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാം സ്ഥാനത്ത്. 64 ബില്യൺ ഡോളർ ആസ്തിയുമായി ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്