കോട്ടയം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പുതു മാതൃക സൃഷ്ടിച്ച് കോട്ടയം ലുലുമാളിന്റെ ഹരിത സംരംഭം. 100 ശതമാനം പുനരുപയോഗ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച അഞ്ച് ആർക്കിടെക്ചറൽ ബെഞ്ചുകൾ മാളിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച കമ്മ്യൂണിറ്റി ക്ലീൻ-അപ്പ്, ഡീക്ലട്ടർ ക്യാമ്പയിനുകളിലൂടെ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ബെഞ്ചുകളുടെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പുതിയ രൂപവും ഉപയോഗവും നൽകുന്ന ഈ പദ്ധതി, പരിസ്ഥിതി സംരക്ഷണത്തിനുള്ള ശക്തമായ സന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നത്. പൊതുസ്ഥലങ്ങളെ കൂടുതൽ ഹരിതവും പരിസ്ഥിതി സൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭമെന്ന് ലുലുമാൾ അധികൃതർ അറിയിച്ചു. സൗന്ദര്യവും പ്രായോഗികതയും ഒരുമിപ്പിക്കുന്ന ഈ ബെഞ്ചുകൾ, മാളിലെ സന്ദർശകർക്കായി വിശ്രമസൗകര്യം ഒരുക്കുന്നതോടൊപ്പം സുസ്ഥിര രൂപകൽപ്പനയുടെ സന്ദേശവും പകരുന്നു. റീട്ടെയിൽ മേഖലയിൽ ഹരിതവും സീറോ-വേസ്റ്റ് ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് കോട്ടയം ലുലുമാളിന്റെ ഈ സംരംഭം.
കാർബൺ ആന്റ് വെയിൽ എന്ന സ്റ്റാർട്ടപ്പ് സ്ഥാപനവുമായി സഹകരിച്ചാണ് കോട്ടയം ലുലുമാൾ പദ്ധതി നടപ്പിലാക്കിയത്.