കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ അങ്കമാലി ഹൈവേ, മന്ത്രിക്ക് നിവേദനം നൽകി.കൊടുങ്ങല്ലൂർ അങ്കമാലി ഹൈവേ തുരുത്തിപ്പുറം, പുത്തൻവേലിക്കര, ഐരൂർ കുറുമശ്ശേരി വഴി കടന്നു പോകുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്കാര തുരുത്തിപ്പുറം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി. NH17 നെയും NH47 നെയും തമ്മിൽ ബന്ധിപ്പിക്കുന്ന വിധം ഒരു റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് 1998ലും 2000ത്തിലും പൊതുമരാമത്ത് വകുപ്പ് കൊടുങ്ങല്ലൂർ സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്റ്റിമേറ്റ് തയ്യാറാക്കി ചീഫ് എൻജിനീയർക്ക് സമർപ്പിച്ചിരുന്നതാണ്.
24 കിലോമീറ്റർ മാത്രം ദൂരം ഉള്ളതും ചിലവ് കുറഞ്ഞതും കാർഷിക മത്സ്യ വ്യവസായ മേഖലയ്ക്കും കോട്ടപ്പുറം മാർക്കറ്റ് പോലുള്ള പരമ്പരാഗത വാണിജ്യ കേന്ദ്രങ്ങൾ വികസനത്തിനുള്ള പദ്ധതിയായി ഈറോഡ് നിർമാണം മാറുമെന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അദ്ദേഹത്തിൻറെ റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ കൊടുങ്ങല്ലൂർ അങ്കമാലി എലിവേറ്റഡ് ഹൈവേ ഇതുവഴി കടന്ന് പോയാൽ മുസരിസ് പൈതൃക കേന്ദ്രങ്ങളിലെ വിനോദ സഞ്ചാര വികസനത്തിനും കാർഷിക മത്സ്യബന്ധന പരമ്പരാഗത വാണിജ്യ മേഖലയുടെ പുരോഗതിക്ക് കൊടുങ്ങല്ലൂർ കോട്ടപ്പുറം, തുരുത്തിപ്പുറം, പുത്തൻവേലിക്കര, ഐരൂർ, കുറുമശ്ശേരി പ്രദേശങ്ങളുടെ വികസനത്തിനും സഹായകരമാകും എന്ന് ചൂണ്ടിക്കാട്ടി സംസ്കാര തുരുത്തിപ്പുറം പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയത്. നിവേദനം പൊതുമരാമത്ത് വകുപ്പ് വിഭാഗം ചീഫ് എഞ്ചിനീയർക്ക് കൈമാറിയതായി മന്ത്രിയുടെ ഓഫീസ് സംസ്കാര തുരുത്തി പുറം ഭാരവാഹികളെ അറിയിച്ചു. കായലാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ കേരളീയ നാടൻ പൈതൃകവും ഗ്രാമീണ ഭംഗിയും ഇവിടേക്ക് സ്വദേശികളെയും വിദേശികളെയും ആകർഷികുമെന്നത് തീർച്ചയാണ്.. ഹൈവേ യാഥാർഥ്യമായാൽ ടൂറിസം വികസന രംഗത്ത് ഒരു പൊൻതൂവൽ കൂടി ചാർത്തപ്പെടും എന്നതിൽ സംശയമില്ല
