തിരുവനന്തപുരം : തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ജലവിതരണം തടസപ്പെടാതിരിക്കുന്നതിനായി മറ്റൊരു ലൈനിൽ കൂടി ആശുപത്രിയുടെ വാട്ടർടാങ്കിലേക്ക് അഡീഷണൽ കണക്ഷൻ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ അറിയിച്ചു.
തൈക്കാട് ആശുപത്രിയിൽ ജലവിതരണം തടസപ്പെട്ടത് സംബന്ധിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ആശുപത്രിയിൽ ജലവിതരണം തടസപ്പെടാതിരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.
വെള്ളയമ്പലം ജംഗ്ഷനിലുള്ള മെയിൻ പൈപ്പിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് പൈപ്പ് നന്നാക്കുന്നതിന് വേണ്ടിയാണ് ലൈൻ അടയ്ക്കേണ്ടി വന്നതെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. ഈ സമയത്താണ് ആശുപത്രിയിലേക്കുള്ള ജലവിതരണത്തിന് തടസമുണ്ടായത്. നിലവിൽ അറ്റകുറ്റപണികൾ പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ആശുപത്രിയിലേക്കുള്ള ജലവിതരണം തടസപ്പെടാതിരിക്കുന്നതിനാണ് പുതിയ ലൈൻ സ്ഥാപിക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.ഇതിനുള്ള റൂട്ട് കട്ടിംഗ് ഉൾപ്പെടെയുള്ള ജോലികൾ ഒരു മാസത്തിനകം പൂർത്തിയാക്കും. അഡീഷണൽ കണക്ഷൻ സ്ഥാപിച്ചാൽ വെള്ളം ശേഖരിക്കാൻ മതിയായ വാട്ടർടാങ്ക് ആശുപത്രിയിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്മീഷൻ സിറ്റിംഗിൽ ഹാജരായ ആശുപത്രി ലേ സെക്രട്ടറിയും ഇക്കാര്യം കമ്മീഷനെ അറിയിച്ചു.
തൈക്കാട് ആശുപത്രിയിൽ തടസമില്ലാതെ വെള്ളം ലഭിക്കുന്നുണ്ടെന്ന് ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.
Leave feedback about this