തിരുവനന്തപുരം: പാറശാല ചാവടിയിൽ തെങ്ങ് വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. ചാവടി സ്വദേശികളായ വസന്തകുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്. തെങ്ങ് വീണ് പാലം തകർന്നായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന 5 തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു.
ജോലിക്കിടെ ചായ കുടിച്ച ശേഷം വിശ്രമിക്കുകയായിരുന്ന തൊഴിലാളി സ്ത്രീകളുടെ തലയിലേക്കാണ് തെങ്ങ് കടപുഴകി വീണത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ തൊഴിലാളികളെ കാരക്കോണം മെഡിക്കൽ കോളജിലേക്ക് മാറ്റി. സ്നേഹലത, ഉഷ എന്നിവർക്കാണ് ഗുരുതര പരിക്ക്.
അപകടം നടക്കുന്ന സമയത്ത് തൊഴിലാളികളിൽ പലരും ചിതറി ഓടുകയായിരുന്നു. ഇവർക്കും പരിക്കേറ്റിട്ടുണ്ട്. ഏകദേശം 48 തൊഴിലാളികൾ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കനാൽ വൃത്തിയാകുന്നതിനായിട്ടാണ് തൊഴിലാളികൾ എത്തിയത്. തെങ്ങിന് ഏറെ കാലപ്പഴക്കം ഉള്ളതായിട്ടാണ് വിവരം. പാറശ്ശാല ഫയർഫോഴ്സും വെള്ളറട പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Leave feedback about this