കണ്ണൂർ: ന്യൂ മാഹി ഇരട്ടകൊലക്കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. ആർഎസ്എസ് പ്രവർത്തകരായ വിജിത്ത്, ഷിനോജ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് സിപിഎം പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടത്. ആകെ 16 പ്രതികൾ ആണ് ഉണ്ടായിരുന്നത്. കേസിലെ രണ്ടു പ്രതികൾ വിചാരണക്കിടെ മരിച്ചിരുന്നു. ബാക്കിയുള്ള 14 പ്രതികളേയും കോടതി വെറുതെ വിടുകയായിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത
2010 മെയ് 28നാണ് ഇരട്ടക്കൊലപാതകങ്ങൾ നടന്നത്. കേസിൽ ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടിസുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരും പ്രതികളാണ്. കഴിഞ്ഞ ജനുവരിയിലാണ് കേസിൻ്റെ വിചാരണ ആരംഭിച്ചത്. 15 വർഷത്തിന് ശേഷം ആണ് വിധി വന്നിരിക്കുന്നത്. മൂന്ന് ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ചത്. ടിപി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഷൗക്കത്താണ് കുറ്റപത്രം സമർപ്പിച്ചത്.
നിലവിൽ ജയിലിൽ കഴിയുന്ന കൊടിസുനിയെ ഉൾപ്പെടെ വിചാരണക്കായി കോടതിയിൽ എത്തിച്ചിരുന്നു. 30 വയസിന് താഴെ പ്രായമുള്ളവരായിരുന്നു കേസിലെ പ്രതികൾ. വിജിത്ത്, ഷിനോജ് എന്നീ യുവാക്കൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ബോംബെറിഞ്ഞ് വീഴ്ത്തിയായിരുന്നു കൊലപാതകം.
