loginkerala breaking-news കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ്; തീയതി പ്രഖ്യാപനം ഇന്ന്
breaking-news

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ്; തീയതി പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളെല്ലാം കമ്മിഷന്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉച്ചയക്ക് 12 ന് നടത്തിുന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടാകുക.

കാലാവധി പൂര്‍ത്തിയായിട്ടില്ലാത്ത മട്ടന്നൂര്‍ ന​ഗരസഭയിലെ 36 ഇടത്തൊഴികെ 23,576 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കേണ്ടത്. 1199 തദ്ദേശസ്ഥാപങ്ങളിലേക്കാണ് ഡിസംബറില്‍ വോട്ടെടുപ്പ് നടക്കുക. മുന്‍പ് 21,900 ആയിരുന്ന ആകെ വാർഡുകളുടെ എണ്ണം വാർഡുവിഭജനത്തിനു ശേഷം 23,612 ആയിട്ടുണ്ട്.

എൽഡിഎഫ് യുഡിഎഫ് മുന്നണികൾ നേരത്തേ തന്നെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഔദ്യോ​ഗിക പ്രഖ്യാപനം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യപിച്ച ശേഷമേ ഉണ്ടാകൂ. ബിജെപി കഴിഞ്ഞ ദിവസം തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്ത് നിലവിൽ ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകളാണ് എൽഡിഎഫ് ഭരിക്കുന്നത്. കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് ഭരണമാണുള്ളത്. ആകെയുള്ള 87 നഗരസഭകളിൽ ഇടതുമുന്നണി ഭരിക്കുന്നത് 44 നഗരസഭകളിലാണ്. ഇതിൽ 41 ഇടത്ത് യുഡിഎഫാണ് ഭരിക്കുന്നത്. രണ്ടു ന​ഗരസഭകളാണ് ബിജെപിക്കൊപ്പം നിന്നത്. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്.14 ജില്ലാ പഞ്ചായത്തുകളിൽ ഇടത് ഭരണമുള്ളത് 11 ഇടത്താണ്. യുഡിഎഫ് ഭരണം മൂന്ന് ജില്ലാ പഞ്ചായത്തുകളിലും. എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്.

സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നത് 113 ബ്ലോക്കുകളിലാണ്. 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫിനാണ് ഭരണം. ആകെയുള്ളത് 941 ഗ്രാമ പഞ്ചായത്തുകളാണ്. അതിൽ 571 ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 351 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. എൻഡിഎക്ക് 12 പഞ്ചായത്തുകളിലും മറ്റുള്ളവർക്ക് 7 പഞ്ചായത്തുകളിലുമാണ് ഭരണമുള്ളത്.

Exit mobile version