കരുനാഗപ്പള്ളി: ഉത്സവത്തിന്റെ മറവിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ലക്ഷങ്ങളുടെ വയറിങ്ങ് സെറ്റുകൾ മോഷ്ടിച്ചു. കുലശേഖരപുരം അനശ്വര സർവീസ് സെന്റർ ഉടമ ജീവൻ ബേബിയുടെ പുതിയതായി നിർമ്മാണം നടക്കുന്ന വീട്ടിലാണ് കവർച്ച. ഒന്നരലക്ഷം രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങളും വയറിങ്ങ് സെറ്റുകളും കവർന്നു. കഴിഞ്ഞ ഞയറാഴ്ച സമീപത്തെ ക്ഷേത്ര ഉത്സവത്തിന്റെ മറവിലായിരുന്നു കവർച്ച. ഉത്സവ തിരക്കിലായിരുന്നു വീട്ടുടമ. സമീപവാസികളെല്ലാം ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് രാത്രിയുടെ മറവിൽ കവർച്ച നടന്നത്.
അടുത്ത ദിവസം നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയപ്പോഴാണ് മോഷണം നടന്നത് വീട്ടുടമ അറിയുന്നത്. വയറിങ്ങ് ചെയ്തിരുന്ന കൺസീലുകൾ മുറിച്ചു മാറ്റിയ നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് പരിശോധിച്ചപ്പോൾ എല്ലാ മുറികളിലേയും വയറിങ്ങ് സെറ്റുകൾ മുറിച്ചു മാറ്റിയിരിക്കുന്നു. ഇതോടെയാണ് മോഷണം വിവരം പൊലീസിൽ അറിയിക്കുന്നത്. കരുനാഗപ്പള്ളി സർക്കിൾ ഇൻ്സെപക്ടർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വീട്ടിലെ സി.സി ടീവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും സി.സി ടീവി കഴിഞ്ഞ മൂന്ന് ദിവസമായി പ്രവർത്തന രഹിതമാണ്. കൂടുതൽ ദൃശ്യങ്ങൾ ലഭിക്കാൻ സമീപപ്രദേശത്തെ സി.സി ക്യാമറകളും പൊലീസ് പരിശോധിക്കുന്നുണ്ട്. സാമൂഹിക വിരുദ്ധരോ മോഷ്ടാക്കളോ ചെയ്തതാകും എന്ന നിഗമനത്തിലാണ് പൊലീസും.
Leave feedback about this