ധാക്ക: ബംഗ്ലാദേശിന് ഇന്ത്യയുമായി പ്രശ്‌നങ്ങളുണ്ടെന്ന് തുറന്നടിച്ച് ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവും നോബൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസ്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് നയിച്ച പ്രതിഷേധങ്ങൾ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധങ്ങളിൽ വിള്ളലുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. ഷെയ്ഖ്ഹസീന ഇന്ത്യയിൽ താമസിക്കുന്നതാണ് ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയിലുള്ള സംഘർഷങ്ങളുടെ മുഖ്യ കാരണമെന്നും അദ്ദേഹം പ്രതികരിച്ചു. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ (UNGA) സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികൾ നടത്തിയ കലാപവും തുടർന്നുള്ള പ്രശ്നങ്ങളും ഇന്ത്യയ്ക്ക് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഇപ്പോൾ ഞങ്ങൾക്ക് അവരുമായി പ്രശ്‌നങ്ങൾ നിലനിൽക്കുന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ സംഘർഷം സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെ മുഖ്യകാരണം ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയതാണെന്നും അദ്ദേഹം ആവർത്തിച്ചു.