ടോക്കിയോ: ഇന്ത്യയുടേയും ജപ്പാന്റെയും ബഹിരാകാശ ഏജൻസികൾ സംയുക്തമായി നടത്തുന്ന ചന്ദ്രയാൻ -5 ദൗത്യത്തിന്റെ കരാറിൽ ഇരുരാജ്യങ്ങളും ശനിയാഴ്ച ഒപ്പുവച്ചു. സംയുക്ത പര്യവേക്ഷണ ദൗത്യവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ഐഎസ്ആർഒ) ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയും (ജാക്‌സ) തമ്മിലുള്ള കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാൻ സന്ദർശന വേളയിലാണ് ഒപ്പുവച്ചത്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ സ്ഥിരമായി നിഴൽ വീണ പ്രദേശത്തിന്റെ (PSR) സമീപത്തുള്ള ചന്ദ്രനിലെ ജലം ഉൾപ്പെടെയുള്ള വസ്തുക്കളെക്കുറിച്ച് പഠിക്കുക എന്നതാണ് ചന്ദ്രയാൻ-5 ദൗത്യത്തിന്റെ ലക്ഷ്യം. ജപ്പാൻ നിർമ്മിത ചാന്ദ്ര- റോവറിൽ, ഇസ്രോ നിർമ്മിത ചാന്ദ്ര ലാൻഡറിനെ വഹിച്ചുകൊണ്ട് ജാക്സ അതിന്റെ H3-24L വിക്ഷേപണ വാഹനത്തിൽ ഈ ദൗത്യം പൂർത്തീകരിക്കും.
ചാന്ദ്ര ലാൻഡർ വികസിപ്പിക്കുന്നതിനു പുറമേ, ചന്ദ്രന്റെ ധ്രുവ മേഖലയിൽ കാണുന്ന വസ്തുക്കളുടെ പര്യവേക്ഷണത്തിനും അവിടെവച്ചു തന്നെയുള്ള വിശകലനത്തിനുമുള്ള ദൗത്യത്തിനായി, ചില ശാസ്ത്രീയ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം ഇസ്രോയ്ക്കാണ്.ISRO-യും JAXA-യും തമ്മിലുള്ള ബഹിരാകാശ മേഖലയിലെ സഹകരണം, രാജ്യത്തിൻറെ വ്യവസായങ്ങളും സ്റ്റാർട്ടപ്പുകളും തമ്മിലുള്ള സഹകരണ സംസ്കാരത്തെ വളർത്തിയെടുക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.