കാലിഫോർണിയ: നാസയുടെ ബഹിരാകാശ നിലയത്തിൽ നിന്ന് 4 സഞ്ചാരികളെയും വഹിച്ച് പുറപ്പെട്ട് ബഹിരാകാശ പേടകം ഭൂമിയിൽ സുരക്ഷിതമായി ഇറങ്ങി. ബഹിരാകാശ സഞ്ചാരികളിൽ ഒരാൾക്ക് രോഗം പിടി പെട്ടതിനെ തുടർന്നാണ് നാലുസഞ്ചാരികളെയും തിരികെ കൊണ്ടുവന്നത്.
യു.എസ് ബഹിരാകാശ സഞ്ചാരികളായ സെന കാർഡ്മാൻ, മൈക് ഫിൻകെ, ജപ്പാനിൽ നിന്നുള്ള കിമിയ യുവി, റഷ്യൻ ബഹിരാകാശ സഞ്ചാരി ഒലെഗ് പ്ലാറ്റോനോവ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. ആഗസ്റ്റ് 1ന് ബഹിരാകാശ നിലയത്തിലെത്തിയ സംഘം ഫെബ്രുവരിയിലാണ് മടങ്ങി വരേണ്ടിയിരുന്നത്. ഇതിൽ ഒരാൾക്ക് നിലയത്തിൽ വെച്ച് ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെയാണ് ബഹിരാകാശ നിലയം ഒഴിപ്പിക്കാൻ നാസ തീരുമാനിച്ചത്. ആർക്കാണ് രോഗം ബാധിച്ചതെന്ന് നാസ വ്യക്തമാക്കിയിട്ടില്ല.
167 ദിവസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയാണ് പേടകം ഭൂമിയിലെത്തിയത്. ഇന്ത്യൻ സമയം 2.12 ഓടെയാണ് കാലിഫോർണിയ തീരത്ത് ശാന്ത സമുദ്രത്തിൽ സ്പേസ് എക്സിന്‍റെ ഡ്രാഗൺ എൻഡവർ പേടകം സ്പ്ലാഷ് ഡൗൺ ചെയ്തു. ഇന്ന് പുലർച്ചെയായിരുന്നു ഡ്രാഗൺ പേടകത്തിന്‍റെ അൺ ഡോക്കിങ് പ്രക്രിയ നടന്നത്. സഞ്ചാരികളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളൊന്നുമില്ല.

Leave feedback about this