തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഛത്തീസ്ഗഡിന് മുകളിൽ തുടരുന്ന ന്യൂനമർദ്ദമാണ് കേരളത്തിലെ മഴയ്ക്ക് കാരണം. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. മറ്റ് ജില്ലകളിൽ ഇടവിട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
അതേസമയം കണ്ണൂരിൽ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. ഉളിക്കൽ വയത്തൂർ പാലത്തിൽ വാഹനം ഒഴുക്കിൽപ്പെട്ടു. മൂന്നു പേരെ രക്ഷപ്പെടുത്തി. രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. കണ്ണൂരും കാസർകോടും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഉയര്‍ന്ന തിരമാല സാധ്യത കണക്കിലെടുത്ത് കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 9 ഡാമുകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ജമ്മു കാശ്മീര്‍, ചത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ പ്രളയസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.
Leave feedback about this