breaking-news Kerala

ഹൃദയമാണ് ഹൃദ്യം: യുപി സ്വദേശികളുടെ പിഞ്ചുകുഞ്ഞിന് ഹൃദ്യത്തിലൂടെ പുതുജീവന്‍

കേരളത്തിലായതിനാല്‍ രക്ഷിച്ചെടുക്കാനായെന്ന് പിതാവ്

ത്തര്‍പ്രദേശ് സ്വദേശികളായ രുചിയുടേയും ശിശുപാലിന്റേയും നാലുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതി. വെള്ളിയാഴ്ച ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞ് സുഖമായിരിക്കുന്നു. കൃത്യമായ ഇടപെടലുകളിലൂടെ പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചെടുത്ത ഹൃദ്യം ടീമിനേയും ചികിത്സ നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

യുപി ധനൗറ സ്വദേശിയും പുല്ലുവെട്ടുയന്ത്രം ഓപ്പറേറ്ററുമായ ശിശുപാലും ഭാര്യയും രണ്ട് വര്‍ഷം മുമ്പാണ് കോട്ടൂര്‍ ആരോഗ്യകേന്ദ്രത്തിന് സമീപം താമസമാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്വാസം നിലയ്ക്കാറായ കൈക്കുഞ്ഞ് രാംരാജുമായി മുളിയാര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് ശിശുപാല്‍ എത്തിയത്. കുഞ്ഞിന്റെ രക്തത്തില്‍ ഓക്സിജന്റെ അളവ് കുറവായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.

കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്‌നമാണെന്ന് തിരിച്ചറിഞ്ഞതോടെ മുളിയാര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഫീല്‍ഡ് സ്റ്റാഫ് അതിവേഗം ആരോഗ്യവകുപ്പിന്റെ ‘ഹൃദ്യം’ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു. ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസപ്പെടുത്തുന്ന ‘ട്രൈകസ്പിഡ് അട്രേസിയ’ എന്ന ഹൃദ്രോഗമായിരുന്നു രാംരാജിന്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് വേഗത്തില്‍ ഇടപെടുകയും കോഴിക്കോടുള്ള ഹൃദ്യം എംപാനല്‍ഡ് ആശുപത്രിയില്‍ വെള്ളിയാഴ്ച സൗജന്യമായി ശസ്ത്രക്രിയ നടത്തുകയും ചെയ്തു.

കേരളത്തിനും ഇവിടുത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രുചിയും ശിശുപാലും നന്ദി പറഞ്ഞു. ‘കേരളത്തിലായതിനാലാണ് കുഞ്ഞിനെ രക്ഷിക്കാനായത്. വൈകിയിരുന്നെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമായിരുന്നു. അവിടെ ഇത്തരം സംവിധാനങ്ങളൊന്നും പാവങ്ങള്‍ക്കൊപ്പം നല്‍കാറില്ല. ആര്‍ക്കും ഇതേക്കുറിച്ചൊന്നും അറിയുക പോലുമില്ല’ എന്നാണ് അവര്‍ പറഞ്ഞത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video