തിരുവനന്തപുരം: സമാധി വിവാദങ്ങൾക്കു പിന്നാലെ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. നേരത്തെ പോലീസ് പൊളിച്ച കല്ലറയ്ക്ക് സമീപം ഗോപൻ സ്വാമിയെ സമാധിയിരുത്തുന്നതിനായി കുടുംബം പുതിയ കല്ലറ ഒരുക്കി. ഋഷിപീഠം എന്നാണ് പുതിയ കല്ലറയ്ക്ക് നാമകരണം ചെയ്തിട്ടുള്ളത്.
ഉച്ചയ്ക്ക് 12 ഓടെ ഗോപൻസ്വാമിയുടെ മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്നും നാമജപഘോഷയാത്രയായി വീട്ടിലെത്തിക്കും. തുടർന്ന് പൊതുദർശനത്തിനു ശേഷം വൈകുന്നേരം മൂന്നിനും നാലിനും ഇടയ്ക്ക് മതാചാര്യന്മാരുടെ സാന്നിധ്യത്തിൽ മഹാസമാധിയായി സംസ്കാരം നടത്തുമെന്നാണ് കുടുംബം അറിയിച്ചിട്ടുള്ളത്.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഗോപൻ സ്വാമിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം ലഭ്യമായാൽ മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ.
അതേസമയം, ഗോപൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ വിശദമായി വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. സ്വാഭാവിക മരണമാണെന്ന് വിലയിരുത്താനായിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര എസ്എച്ച്ഒ എസ്.ബി. പ്രവീൺ വ്യക്തമാക്കിയത്.
Leave feedback about this