കൊച്ചി: ആഭരണപ്രേമികളുടെ മനസിൽ തീകോരിയിട്ട് സംസ്ഥാനത്ത് ചരിത്രത്തിൽ ആദ്യമായി പവൻ വില 90,000 രൂപ കടന്നു. പവന് ഒറ്റയടിക്ക് 840 രൂപയും ഗ്രാമിന് 105 രൂപയുമാണ് ഇന്ന് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 90,320 രൂപയിലും ഗ്രാമിന് 11,290 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 90 രൂപ ഉയർന്ന് 9,290 രൂപയിലെത്തി.
നാലുദിവസമായി കുതിച്ചുയരുന്ന സ്വർണവില തിങ്കളാഴ്ചയാണ് 88,000 കടന്നത്. പവന് ഒറ്റയടിക്ക് 1,000 രൂപയാണ് വർധിച്ചത്. പിന്നാലെ ചൊവ്വാഴ്ച പവന് 920 രൂപ ഒറ്റയടിക്ക് വർധിച്ചതോടെ പവന് 89,000 കടക്കുകയായിരുന്നു.
ഈമാസം തുടക്കത്തിൽ സ്വർണക്കുതിപ്പ് ദൃശ്യമായിരുന്നു. ഒന്നിന് ചരിത്രത്തിലാദ്യമായി 87,000 പിന്നിട്ട സ്വർണവില പിന്നീട് താഴേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. രണ്ടു ദിവസത്തിനിടെ 880 രൂപയുടെ ഇടിവാണുണ്ടായത്. പിന്നാലെ നാലിന് വീണ്ടും 87,000 പിന്നിട്ട സ്വർണം ആറിന് 88,000 രൂപയും ഏഴിന് 89,000 രൂപയും എട്ടിന് 90,000 രൂപയുമെന്ന നാഴികക്കല്ലും പിന്നിടുകയായിരുന്നു.
ഈ മാസം ഇതുവരെ മാത്രം കേരളത്തിൽ പവന് 4,200 രൂപയും ഗ്രാമിന് 525 രൂപയും ഉയർന്നു. 2025ൽ ഇതുവരെ പവന് 33,440 രൂപയും ഗ്രാമിന് 4,180 രൂപയുമാണ് കൂടിയത്.ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
Leave feedback about this