തിരുവനന്തപുരം: സ്വർണവില വീണ്ടും താഴേക്ക്. ഇന്ന് ഒരു പവന് 600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 91,720 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയിലെത്തി. ഒക്ടോബർ 11ന് ശേഷം ആദ്യമായാണ് സ്വർണവില ഇത്രയും താഴുന്നത്. ഇതോടെ രണ്ടുദിവസത്തിനിടെ 5,640 രൂപ സ്വർണവിലയിൽ കുറഞ്ഞു.ഏറ്റവും ചെറിയ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങാനുള്ള ചെലവ് ഒരു ലക്ഷം രൂപയ്ക്ക് താഴെയായി. 99,249 രൂപയോളം ചെലവാക്കിയാൽ അഞ്ചുശതമാനം പണിക്കൂലിയിൽ ഒരു പവന്റെ ആഭരണം വാങ്ങാം. ഇന്നലെ ഒറ്റദിവസം രണ്ട് തവണയാണ് വില കുറഞ്ഞത്.
3,440 രൂപ കുറഞ്ഞ് പവന് 92,320 രൂപയായിരുന്നു ഇന്നലത്തെ വില. ആഗോള വിപണിയുടെ ചുവട് പിടിച്ചാണ് കേരളത്തിലും സ്വർണവില ഇടിയുന്നത്.ആഗോള രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങൾ ഒഴിയുന്നത് സ്വർണത്തിൽ നിക്ഷേപിക്കുന്നതിൽ നിന്ന് ആളുകളെ പിന്നോട്ടുവലിക്കുകയാണെന്നാണ് വില കുറയാനുള്ള ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിക്ഷേപകർ ലാഭമെടുക്കാനായി വില്പന സമ്മർദ്ദം സൃഷ്ടിക്കുന്നതാണെന്നും ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. അതേസമയം, ഈ വിലയിടിവ് താത്ക്കാലികമാണെന്നും വില വീണ്ടും ഉയരാനാണ് സാദ്ധ്യതയെന്നും പറയുന്നു.

Leave feedback about this