loginkerala breaking-news ജെന്‍ സി പ്രക്ഷോഭം; മലയാളി വിനോദസഞ്ചാരികള്‍ നേപ്പാളില്‍ കുടുങ്ങി
breaking-news

ജെന്‍ സി പ്രക്ഷോഭം; മലയാളി വിനോദസഞ്ചാരികള്‍ നേപ്പാളില്‍ കുടുങ്ങി

കോഴിക്കോട് : ജെന്‍ സി പ്രക്ഷോഭം രൂക്ഷമായ നേപ്പാളില്‍ മലയാളികളായ നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങി. തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലക്കാരാണ് സംഘത്തിലുള്ളത്.

കാഠ്മണ്ഡുവിലെ ഗോസാല പ്രദേശത്താണ് സംഘം ഇപ്പോഴുള്ളത്. പ്രക്ഷോഭകര്‍ റോഡില്‍ ടയര്‍ ഇട്ട് കത്തിച്ച് പ്രതിഷേധിക്കുന്നതിനാല്‍ മുന്നോട്ട് നീങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഭക്ഷണമോ വെള്ളമോ താമസ സൗകര്യമോ കിട്ടാത്ത അവസ്ഥയുമുണ്ട്. അടുത്തിടെ നേപ്പാളിലെത്തിയ സംഘം കാഠ്മണ്ഡുവിലേക്ക് പോകുന്നതിനിടെയാണ് സംഘര്‍ഷത്തെ കുറിച്ച് അറിയുന്നത്. സംഘര്‍ഷം രൂക്ഷമായതോടെ യാത്ര പ്രതിസന്ധിയിലാവുകയായിരുന്നുവെന്ന് സംഘാംഗങ്ങള്‍ അറിയിച്ചു.

പോലീസ് സ്റ്റേഷനുകളെയും ആശ്രയിക്കാന്‍ കഴിയുന്നില്ല. പോലീസ് സ്റ്റേഷനുകളൊക്കെ പ്രതിഷേധക്കാര്‍ തകര്‍ത്തിരിക്കുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് കാഠ്മണ്ഡു വിമാനത്താവളവും അടച്ചിട്ടുണ്ട്.

Exit mobile version