ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായ ഗ്യാനേഷ് കുമാർ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് കൊള്ള ആരോപണത്തിൽ നടത്തിയ പ്രതികരണത്തെ വിമർശിച്ച് മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർമാർ. വോട്ട് ചോരി വിഷയത്തിൽ ഗ്യാനേഷ് കുമാറിന്റെ പ്രതികരണം ശരിയായില്ല എന്നാണ് വിമർശനം. രണ്ട് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർമാരും മുൻ തെരഞ്ഞെടുപ്പ് കമ്മീഷണറുമാണ് രംഗത്തെത്തിയത്.
രാഹുൽ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ തർക്കസ്വരത്തിൽ പ്രതികരിച്ചത് ശരിയായില്ലെന്നും അത്തരം പ്രതികരണങ്ങൾ ജനങ്ങൾക്കിടയിൽ തെരഞ്ഞെടുപ്പ് പ്രക്രിയയെയും വോട്ടർപട്ടികയെയും കുറിച്ച് സംശയമുണർത്താൻ വഴിയൊരുക്കും എന്നും തെരഞ്ഞെടുപ്പ് കമ്മിഷണർമാർ പറഞ്ഞു. ഇന്ത്യാ ടുഡെ സംഘടിപ്പിച്ച സൗത്ത് കോൺക്ലേവിലാണ് മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർമാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത് എന്നിവർ ഗ്യാനേഷ് കുമാറിനെ വിമർശിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയ രാജ്യത്ത് വലിയ രീതിയിൽ സ്വതന്ത്രവും നീതിയുക്തവുമാണെന്ന് മൂന്നുപേരും വ്യക്തമാക്കി.
ഗ്യാനേഷ് കുമാറിന്റെ സ്വരം അനാവശ്യ പ്രകോപനമായെന്നും കോപം തെരഞ്ഞെടുപ്പ് കമ്മീഷനെ സാരമായി ബാധിക്കുമെന്നും മൂവരും അഭിപ്രായപ്പെട്ടു. രാഹുൽഗാന്ധി പ്രതിപക്ഷനേതാവാണെന്ന കാര്യം മറക്കരുതെന്നും എസ്.വൈ. ഖുറേഷി ചൂണ്ടിക്കാട്ടി. രാഹുൽ ഉന്നയിക്കുന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമല്ല, മറിച്ച് അത് രാജ്യത്തെ കോടിക്കണക്കിന് പേരുടെ ശബ്ദമാണ്. രാഹുൽ നടത്തിയ ആരോപണങ്ങളെ അതേ സ്വരത്തിൽ കമ്മീഷൻ വെല്ലുവിളിക്കുന്നതും രോഷം കൊള്ളുന്നതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്‌പേരിന് ചേർന്നതല്ല എന്നും വിമർശിച്ചു. താനായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെങ്കിൽ രാഹുലിന്റെ ആരോപണങ്ങളിൽ അന്വേണത്തിന് ഉത്തരവിടുമായിരുന്നു എന്ന് എസ്.വൈ. ഖുറേഷി പറഞ്ഞു.
Leave feedback about this