ഇസ്ലാമാബാദ്: പാകിസ്ഥാനിലുണ്ടായ മിന്നൽ പ്രളയത്തിൽ 243പേർ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്‌തു. പ്രളയത്തിൽ ഏറ്റവും നാശനഷ്‌ടമുണ്ടായത് വടക്ക് പടിഞ്ഞാറൻ പാകിസ്ഥാനിലെ ബുനർ ജില്ലയിലാണ്. ഇന്നലെ ബുനറിൽ മാത്രം 157പേരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. നിരവധി വീടുകളും ഒലിച്ചുപോയി.
ബുനറിൽ രക്ഷാപ്രവർത്തകരും ഹെലികോപ്‌ടർ സംവിധാനവും ദുരന്തത്തിൽപ്പെട്ടവരെ രക്ഷിക്കുകയാണെന്നും മണ്ണിലും ചെളിയിലും പൊതിഞ്ഞ് കിടക്കുന്ന പ്രദേശത്ത് നിന്ന് ആളുകളെ രക്ഷിക്കുന്നത് ദുഷ്‌കരമാണെന്നും സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു. ഒറ്റപ്പെട്ട കുടുംബങ്ങളിലേക്ക് എത്തിപ്പെടാൻ രക്ഷാപ്രവർത്തകർക്ക് സാധിക്കാത്തതും സാഹചര്യം വഷളാക്കി.